ഇളയ കോവയ്‍ക്ക കൊണ്ട് നല്ല ഉപ്പേരി വെയ്‍ക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പഴുത്ത കോവയ്‍ക്കയോട് മുഖം തിരിക്കാറാണ് പതിവ്. എന്നാൽ പഴുത്ത് കോവയ്‍ക്ക കിട്ടിയാൽ കളയണ്ട കിസ്മൂരി തയ്‌യാറാക്കാം. പച്ചക്കായ, ചേന. ബീൻസ് എന്നിവ കൊണ്ടും വീഭവം തയ്‌യാറാക്കാവുന്നതാണ്.
ചേരുവകൾ
കോവയ്‍ക്ക വട്ടത്തിൽ നേരിയതായി അരിഞ്ഞത് – 15 എണ്ണം
തേങ്ങാ തിരുമ്മിയത് -1/2 കപ്പ്
മല്ലി – 1 ടീസ്പൂൺ
വറ്റൽ മുളക് അല്പം എണ്ണയിൽ ചുവക്കെ വറുത്തത് -10 എണ്ണം
സവാള ചെറുതായി അരിഞ്ഞത് -1 മീഡിയം
എണ്ണ -3-4 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
കോവയ്‍ക്ക അരിഞ്ഞതിലോട്ട് ഉപ്പ് ചേർത്ത് ഒരു 15 മിനിറ്റുകളോളം വെയ്‍ക്കുക..അതിനു ശേഷം ഒരു വാവട്ടമുള്ള പാനിൽ എണ്ണ ചൂടാക്കി ഈ കോവയ്‍ക്ക നന്നായി പിഴിഞ്ഞ് ചെറുതീയിൽ നന്നായി മൊരിച്ചെടുക്കാം .അല്പം സമയം എടുക്കും , എന്നാലും നല്ല ക്രിസ്പ് ആയി തന്നെ മൊരിച്ചെടുക്കാൻ ശ്രദ്ധിക്കുക.. ഈ സമയം , തേങ്ങാ മല്ലി വറ്റൽമുളക് എന്നിവ ഒട്ടും വെള്ളം ചേർക്കാതെ തരുതരുപ്പായി പൊടിച്ചെടുക്കുക .കോവയ്‍ക്ക നന്നായി മൊരിഞ്ഞു വരുമ്പോൾ ഈ അരപ്പ് ചേർത്ത് ചെറുതീയിൽ തന്നെ ഒരു 3-4 മിനിറ്റുകളോളം ഫ്രൈ ചെയ്‌യുക .വാങ്ങി വെച്ചതിനു ശേഷം സവാള അരിഞ്ഞത് ചേർത്ത് നന്നായി മിക്സ് ചെയ്‌യാം. പച്ച കോവയ്‍ക്ക കൊണ്ട് ഈ വിഭവം തയ്‌യാറാക്കുമ്പോൾ ഒരു കഷ്ണം പുളി ചേർക്കാം
Content Highlights: Kismuri recipe