ആരോഗ്യകാര്യത്തിലും ഭക്ഷണകാര്യത്തിലും അതീവശ്രദ്ധാലുവായ ബോളിവുഡ് നടിമാരിൽ ഒരാളാണ് ശിൽപ്പ ഷെട്ടി. രണ്ട് പാചകപുസ്തകങ്ങൾ പുറത്തിറക്കിയിട്ടുള്ള അവർ യോഗയിലും അസാമാന്യമായ കഴിവ് പ്രകടിപ്പിക്കാറുണ്ട്. തന്റെ ആരാധകർക്കായി അവർ നിരന്തരം ഹെൽത്ത് ടിപ്പുകളും പാചക കുറിപ്പുകളും പങ്കുവയ്‍ക്കാറുണ്ട്. ഇഷ്ടമുള്ള ഭക്ഷണം കഴിക്കുന്നതിന് ആഴ്ചയിൽ ഒരു ദിവസം ചീറ്റ് ഡേ ആയി നീക്കിവെച്ചിട്ടുണ്ടെങ്കിലും വളരെ വേഗം തന്റെ ആരോഗ്യചര്യയിലേക്ക് അവർ തിരികെയെത്തുന്നത് അവരുടെ ചിട്ടയായ ജീവിതക്രമം ചൂണ്ടിക്കാട്ടുന്നു.
തന്റെ സിംപിൾസോൾഫുൾആപ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ശിൽപ ഹെൽത്ത് ടിപ്സുകൾ ആരാധകർക്കായി പങ്കുവയ്‍ക്കാറ്. ഇത്തവണ നമ്മുടെയൊക്കെ അടുക്കളകളിൽ മിക്കപ്പോഴും കാണാറുള്ള പച്ചപ്പയറിന്റെ ഗുണങ്ങളാണ് ശിൽപ്പ വിവരിച്ചിരിക്കുന്നത്. ധാതുക്കൾ, പ്രോട്ടീനുകൾ, ഫൈബർ എന്നിവയെല്ലാം ധാരാളമായി അടങ്ങിയിരിക്കുന്ന പച്ചക്കറിയാണ് പച്ചപ്പയർ എന്ന് ശിൽപ്പ വിവരിക്കുന്നു. കൂടാതെ, വിറ്റാമിൻ ബി കോംപ്ലക്സിന്റെ കലവറ കൂടിയാണ് പച്ചപ്പയർ എന്ന് ശിൽപ്പ പറയുന്നു.
ഒരു പക്ഷേ, നിങ്ങൾ ഭക്ഷണം തയ്‌യാറാക്കുമ്പോൾ പച്ചപ്പയർ ആയിരിക്കില്ല നിങ്ങളുടെ മനസ്സിൽ ആദ്യം ഓടി എത്തുന്നത്. എന്നാൽ, അൽപം പരിശ്രമിച്ചാൽ അത് രുചികരമായ ഭക്ഷണമാക്കി മാറ്റാൻ കഴിയും-പോസ്റ്റ് പങ്കുവെച്ച് ശിൽപ്പ പറഞ്ഞു.
Content highlights: shilpa shetty shares health benefit of green beans, insta post