സാംസങിന്റെ ഏറ്റവും പുതിയ ആൻഡ്രോയിഡ് ടാബ് ലെറ്റ് സീരീസ് ആയ ഗാലക്സി ടാബ് എസ്8 പുറത്തിറക്കി. സാംസങ് ഗാലക്സി എസ്22 പരമ്പര ഫോണുകൾക്കൊപ്പം ഗാലക്സി അൺപാക്ക്ഡ് 2022 പരിപാടിയിലാണ് പുതിയ ടാബ് ലെറ്റുകളും അവതരിപ്പിച്ചത്.
മൂന്ന് ആൻഡ്രോയിഡ് ടാബ് ലെറ്റുകളാണ് ഗാലക്സി ടാബ് എസ് 8 സീരീസിലുള്ളത്. ഗാലക്സി ടാബ് എസ്8, ഗാലക്സി ടാബ് എസ്8 പ്ലസ്, ഗാലക്സി ടാബ് എസ്8 അൾട്ര.
ഇതിൽ ഏറ്റവും വിലകൂടിയ ഗാലക്സി ടാബ് എസ്8 അൾട്രയ്‍ക്ക് വില ആരംഭിക്കുന്നത് 1099 ഡോളറിലാണ് (82393 രൂപ) ആണ് വില. ഗാലക്സി ടാബ് എസ് 8 പ്ലസിനാകട്ടെ 899.99 ഡോളറും ( 67473.60 രൂപ). അതേസമയം ഗാലക്സി ടാബ് എസ് 8 ന് വില തുടങ്ങുന്നത് 699 ഡോളറിലാണ് (52405 രൂപ).
ഗാലക്സി ടാബ് എസ്8 , ഗാലക്സി ടാബ് എസ്8 പ്ലസ് എന്നിവ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാണ്. അതേസമയം ഗാലക്സി ടാബ് എസ് 8 അൾട്രയുടെ 8ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നീ ഓപ്ഷനുകൾക്കൊപ്പം 16 ജിബി റാം 512 ജിബി സ്റ്റോറേജ് മോഡലും ലഭിക്കും.
സാംസങ് ഗാലക്സി എസ്8
11 ഇഞ്ച് WQXGA (2560×1600 പിക്സൽ) എൽടിപിഎസ് ടിഎഫ്ടി ഡിസ്പ്ലേയാണിതിന്. 4എൻഎം ഒക്‍ടാകോർ പ്രൊസസർ ചിപ്പിന്റെ പിൻബലത്തിൽ 12 ജിബി വരെ റാം ശേഷിയുണ്ട് ഇതിന്. സ്നാപ്ഡ്രാഗൺ 8ജെൻ 1 പ്രൊസസർ ആണിത് എന്നാണ് കരുതുന്നത്.
ഡ്യുവൽ റിയർ ക്യാമറയാണ് ഈ ടാബ് ലെറ്റിനുള്ളത്. അതിൽ 13 എംപി പ്രധാന ക്യാമറയും ആറ് എംപി അൾട്ര വൈഡ് ക്യാമറയും ഉൾപ്പെടുന്നു. സെൽഫിയ്‍ക്ക് വേണ്ടി 12 എംപി അൾട്രാ വൈഡ് ക്യാമറയാണ് നൽകിയിരിക്കുന്നത്.
8000 എംഎഎച്ച് ബാറ്ററിയിൽ 45 വാട്ട് വരെ വേഗതയിൽ ചാർജ് ചെയ്‌യാൻ സാധിക്കുന്ന സൂപ്പർ ഫാസ്റ്റ് ചാർജിങ് സൗകര്യമുണ്ട്.
സാംസങ് ഗാലക്സി എസ് 8 പ്ലസ്
12.4 ഇഞ്ച് WQXGA+ (2800×1752 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയാണിതിന്. 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. ഒരു ഒക്‍ടാകോർ പ്രൊസസർ ചിപ്പാണ് ഇതിലുള്ളത്. 12 ജിബി വരെ റാം ശേഷിയുണ്ട്.
ഗാലക്സി എസ് 8 ലെ അതേ ഡ്യുവൽ ക്യാമറ ഫീച്ചർ ആണ് ഇതിലുമുള്ളത്. സെൽഫിയ്‍ക്കും വീഡിയോ കോളുകൾക്കുമായി 12 എംപി അൾട്രാ വൈഡ് ക്യാമറയും നൽകിയിരിക്കുന്നു.
ഇതിലെ 10090 എംഎച്ച് ബാറ്ററിയിൽ സൂപ്പർ ഫാസ്റ്റ്ചാർജ് സൗകര്യമുണ്ട്.
സാംസങ് ഗാലക്സി എസ്8 അൾട്ര
കൂട്ടത്തിൽ ഏറ്റവും വില കൂടിയ മോഡലാണിത്. 14.6 ഇഞ്ച് വലിപ്പമുള്ള WQXGA+ (2960×1848 പിക്സൽ) സൂപ്പർ അമോലെഡ് ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റുണ്ട്. മറ്റ് രണ്ട് ടാബുകളിൽ ഉള്ള 4എൻഎം ഒക്‍ടാകോർ പ്രൊസസർ ചിപ്പ് തന്നെയാണിതിലും.
ഇതിലെ ഡ്യുവൽ റിയർ ക്യാമറയിൽ 13 എംപി പ്രൈമറി സെൻസറും 6എംപി അൾട്രാ വൈഡ് സെൻസറും ഉൾക്കൊള്ളുന്നു.
11200 എംഎഎച്ച് ബാറ്ററിയിൽ അതിവേഗ ചാർജിങ് സൗകര്യവുമുണ്ട്.
Content Highlights: Samsung Galaxy Tab S8 series with dual rear cameras launched