ഒരു കപ്പ് ചായയിലോ കാപ്പിയിലോ ദിവസം ആരംഭിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗവും. ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാൻ ചായ സഹായിക്കുന്നു.
വ്യത്യസ്തമായ ചായവിഭവം പരിചയപ്പെടുത്തിയിരിക്കുകയാണ് പ്രമുഖ ഷെഫായ സഞ്ജീവ് കപൂർ. തണുപ്പുകാലത്ത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ തുളസി ചായയാണ് അദ്ദേഹം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും തുളസിച്ചായ മികച്ചതാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തുളസിച്ചായ തയ്യാറാക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
തുളസിച്ചായ തയ്യാറാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങൾ
- 1. തുളസി ഇല -18-20 എണ്ണം
- 2. ഇഞ്ചി -ചെറിയൊരു കഷ്ണം
- 3. ഗ്രാമ്പൂ -2 എണ്ണം
- 4. ഏലക്ക -2 എണ്ണം
- 5. കുരുമുളക് -5,6 എണ്ണം
- 6. പാൽ -3 കപ്പ്
- 7. ചായപ്പൊടി -ഒരു ടേബിൾ സ്പൂൺ
- 8. വെള്ളം -ഒരു കപ്പ്
- 9. ശർക്കര -ചെറിയ കഷ്ണങ്ങൾ ആക്കിയത്, കാൽകപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ഇഞ്ചി, ഏലക്ക, കുരുമുളക്, ഗ്രാമ്പൂ എന്നിവ എടുക്കുക. ഒരു പാനിൽ ഒരു കപ്പ് വെള്ളം എടുത്ത് ചൂടായ ശേഷം അതിലേക്ക് മുകളിലെ കൂട്ട് ചേർക്കുക. ഇതിലേക്ക് ചായപ്പൊടി ചേർക്കുക. ശേഷം ഇത് നന്നായി തിളയ്ക്കുന്നതുവരെ കാത്തിരിക്കുക. തുളസി ഇല കൈകൊണ്ട് നന്നായി ഞെരടി എടുക്കുക. ഇത് പാനിലെ തിളയ്ക്കുന്ന കൂട്ടിലേക്ക് ചേർക്കുക. രണ്ട് മൂന്ന് മിനിറ്റുനേരത്തേക്ക് തിളയ്ക്കാൻ അനുവദിക്കുക. ഇതിലേക്ക് പാൽ ചേർത്തശേഷം തിളപ്പിക്കുക. മൂന്ന് മിനിറ്റോളം ഇത് തിളപ്പിക്കണം. ശേഷം ഇതിലേക്ക് ശർക്കര ചേർക്കാം. ഒരു മിനിറ്റ് ചെറുതീയിൽവെച്ച് ഇത് നന്നായി അലിഞ്ഞു ചേരുന്നതുവരെ ഇളക്കിക്കൊടുക്കാം. ശേഷം ചൂടോടെ ഗ്ലാസിലേക്ക് പകർത്താം.
Content highlights: how to make tulasi tea, Chef Sanjeev Kapoor, Healthy tea