ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധാലുവായ ബോളിവുഡ് നടിമാരിൽ ഒരാളാണ് ഭാഗ്യശ്രീ. തന്റെ നാട്ടറിവുകളും ആരോഗ്യത്തിന് ഗുണകരമായ ഭക്ഷണങ്ങളും സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവയ്‍ക്കാൻ ഏറെ താത്‌പര്യപ്പെടുന്ന നടി കൂടിയാണ് അവർ. ചാസ് എന്ന ഗുജറാത്തി പാനീയമാണ് കഴിഞ്ഞദിവസം അവർ പുതിയതായി പരിചയപ്പെടുത്തിയത്.
ഗുജറാത്തിലെ വീടുകൾ മിക്കപ്പോഴും കണ്ടുവരുന്ന പാനീയമാണിതെന്ന് പറഞ്ഞാണ് ഭാഗ്യശ്രീ ചാസ് പരിചയപ്പെടുത്തിയത്. ഉച്ചഭക്ഷണശേഷം കുടിക്കുന്ന പാനീയമാണിത്. ചാസിന് ഒട്ടേറെ ആരോഗ്യഗുണങ്ങൾ ഉണ്ട്. എണ്ണയിൽ വറുത്തെടുത്ത വിഭവങ്ങൾ, എരിവ്, മസാല എന്നിവ അടങ്ങിയ ഭക്ഷണമാണ് കഴിക്കുന്നതെങ്കിൽ അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങൾ ചാസ് പരിഹരിക്കും. വയറിനുള്ളിൽ തണുപ്പ് അനുഭവപ്പെടുന്നതിനും ചാസ് സഹായിക്കും. കൂടാതെ വിറ്റാമിൻ ബി, കാൽസ്യം, പൊട്ടാസ്യം എന്നിവയുടെ കലവറ കൂടിയാണ് ചാസ്-ഭാഗ്യശ്രീ പറഞ്ഞു.
ശരീരഭാരം കുറയ്‍ക്കാൻ ശ്രമിക്കുന്നവർക്ക് ഏറെ ഗുണകരമായ ഒന്നുകൂടിയാണ് ചാസ് എന്ന് ഭാഗ്യശ്രീ പറയുന്നു. വയർ നിറഞ്ഞിരിക്കുന്നതായി തോന്നിക്കുന്നതിന് പുറമെ ശരീരം ദുർബലമാകാതെ കാക്കുകയുംചെയ്‌യും. ധാരാളം പ്രോബയോട്ടിക്കുകളും ചാസിൽ അടങ്ങിയിരിക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നതിനൊപ്പം ശരീരത്തിലെ വിഷപദാർഥങ്ങളെ പുറന്തള്ളാനും ആരോഗ്യമുള്ള ചർമത്തിനും ഉത്തമമാണ് ചാസ്.
ചാസ് തയ്‌യാറാക്കുന്ന വിധം
ആവശ്യമുള്ള സാധനങ്ങൾ
- തൈര് -ഒരു കപ്പ്
- പുതിന ഇല(ചെറുതായി അരിഞ്ഞത്) -ഒരു തണ്ട്
- മുളക്ചെറുതായി അരിഞ്ഞത്) -ഒരെണ്ണം
- ഉപ്പ് -ആവശ്യത്തിന്
- ബ്ലാക്ക് സാൾട്ട്(കാരുപ്പ്)-ആവശ്യത്തിന്
- വെള്ളം -അരകപ്പ്
- ചാട്ട് മസാല -ഒരു നുള്ള്
തയ്‌യാറാക്കുന്നവിധം
ഒരുപാത്രത്തിൽ തൈര് എടുത്ത് ഇതിലേക്ക് പുതിന ഇല അരിഞ്ഞത് മുളക് അരിഞ്ഞത് എന്നിവ ചേർക്കുക. ഇതിലേക്ക് ഉപ്പും ബ്ലാക്ക് സാൾട്ടും ചേർക്കുക. നന്നായി ഇളക്കിച്ചേർക്കുക. ഇതിലേക്ക് വെള്ളം കൂടി ചേർത്തതിന് ശേഷം നന്നായി ഇളക്കിച്ചേർക്കുക. ഈ കൂട്ട് ഒരു ഗ്ലാസിലേക്ക് മാറ്റിയതിനുശേഷം ഒരു നുള്ള് ചാട്ട് മസാല കൂടി ചേർത്ത് കുടിക്കാം.
Content highlights: bollywood actress bhagyasree, introduce gujarati drink chaas, detox drink and nutrient rich