കൊച്ചി: വധഗൂഡാലോചന കേസിൽ മുൻകൂർ ജാമ്യഹർജി വ്യാഴാഴ്ച പരിഗണിക്കാനിരിക്കെ ആലുവയിലെ പള്ളിയിലെത്തി പ്രാർഥന നടത്തി നടൻ ദിലീപ്. ചൂണ്ടി എട്ടേക്കർ സെന്റ് ജൂഡ് പള്ളിയിലാണ് ദിലീപ് എത്തിയത്.
ദിലീപിന്റേയും കൂട്ടുപ്രതികളുടേയും മുൻകൂർ ജാമ്യ ഹർജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. രാവിലെ 5.40ന് പള്ളിയിലെത്തിയ ദിലീപ് നൊവേനയിലും പങ്കെടുത്തു. മെഴുകുതിരി കത്തിച്ചും മാല ചാർത്തിയും പ്രാർഥിച്ചു. പള്ളിയിൽ സ്ഥിരമായി എത്തുകയും പ്രാർഥിക്കുകയും ചെയ്യാറുള്ള ദിലീപിന് നിർണായകമാണ് ഇന്നത്തെ ദിവസം.
വ്യാഴാഴ്ച ഉച്ചക്ക് 1.45-നാണ് ദിലീപിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി പരിഗണിക്കുക. അന്വേഷണത്തിനോട് സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ വേണമെന്നതാണ് പ്രോസിക്യൂഷന്റെ ആവശ്യം. ഫോണുകൾ ഹാജരാക്കിയതിന് പിന്നാലെ അന്വേഷണത്തോടെ സഹകരിക്കുന്നുണ്ടെന്നും അതിനാൽ മുൻകൂർ ജാമ്യഹർജി വേണമെന്ന ആവശ്യം തന്നെയായിരിക്കും ദിലീപ് ഉന്നയിക്കുക.
ദിലീപിനെ കസ്റ്റഡിയിൽ വേണമെന്ന ആവശ്യത്തിൽ പ്രോസിക്യൂഷൻ ഉറച്ച് നിൽക്കുകയാണ്. അതേസമയം ദിലീപിന്റെ രണ്ട് കേസുകളാണ് ഇന്ന് കോടതിയുടെ പരിഗണനയിൽ വരുന്നത്. വധഗൂഡാലോചനക്കേസിൽ ആലുവ മജിസ്ട്രേറ്റ് കോടതിയും ഇന്ന് വാദം കേൾക്കും.
ദിലീപ് അടക്കമുള്ള പ്രതികളുടെ ഫോണുകളുടെ പാറ്റേൺ കൈമാറുന്നതിന് കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പാറ്റേൺ കൈമാറിയുള്ള പരിശോധന തങ്ങളുടെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യം പ്രതിഭാഗം ഉന്നയിച്ചിരുന്നു. അന്വേഷണ സംഘം ഫോണിൽ തിരിമറി കാണിക്കാനുള്ള സാധ്യതയുണ്ടെന്നും അതിനാൽ പാറ്റേൺ കൈമാറിയുള്ള പരിശോധന തങ്ങളുടെ സാന്നിധ്യത്തിൽ വേണമെന്ന ആവശ്യം. ഇതും ഇന്ന്പരിഗണിക്കും.
Content Highlights:Dileep attends Novena at Aluva st jude Church