ശരീരഭാരം കുറയ്‍ക്കാനുള്ള തീവ്രശ്രമത്തിലാണോ നിങ്ങൾ. അമിതവണ്ണം കുറയ്‍ക്കുന്നതിന് ഭൂരിഭാഗം പേരും ശ്രദ്ധപതിപ്പിക്കുന്നത് തങ്ങളുടെ ആഹാരക്രമത്തിലായിരിക്കും. കൊഴുപ്പുകൂടിയതും വറത്തതും പൊരിച്ചതുമായ ആഹാരങ്ങൾ ഒഴിവാക്കി, കൃത്യമായ ചിട്ടയോടുള്ള പോഷകങ്ങൾ നിറഞ്ഞ ആഹാരക്രമമായിരിക്കും ശരീരഭാരം കുറയ്‍ക്കാൻ ആഗ്രഹിക്കുന്നവർ പിന്തുടരുന്നത്. എന്നാൽ, അമിതശരീരഭാരം കുറയ്‍ക്കുന്നതിന് ഇക്കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതിയാകില്ലെന്ന് പറയുകയാണ് ആരോഗ്യവിദഗ്ധർ.
എന്ത് ഭക്ഷണം കഴിക്കുന്നു എന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് എപ്പോൾ കഴിക്കുന്നു എന്നതും ഭക്ഷണം കഴിക്കുന്നതിനിടയിലെ ഇടവേളയും.
ഇടവേള പ്രധാനം
സാധാരണ ഒരു ദിവസം മൂന്ന് നേരമാണ് ഭക്ഷണം കഴിക്കാറ്. പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിങ്ങനെയാണ് അത് തരംതിരിച്ചിരിക്കുന്നത്. ഇവയ്‍ക്കിടയിലുള്ള ഇടവേള ഏകദേശം നാലുമണിക്കൂറായിട്ടാണ് തരംതിരിച്ചിരിക്കുന്നത്. ഒരു തവണ കഴിച്ച ഭക്ഷണം പൂർണമായും ദഹിക്കുന്നതിന് കണക്കാക്കിയിരിക്കുന്ന ശരാശരി സമയമാണിത്. ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം പ്രഭാതഭക്ഷണമാണ്. ഒരു ദിവസം മുഴുവൻ ശരീരത്തെ ഊർജസ്വലതയോടെ കാത്തുസൂക്ഷിക്കുന്നതിൽ പ്രഭാതഭക്ഷണത്തിനുള്ള പങ്ക് പ്രധാനപ്പെട്ടതാണ്. പ്രഭാതഭക്ഷണം കഴിഞ്ഞ് നിശ്ചിതഇടവേളയ്‍ക്ക് ശേഷമായിരിക്കണം ഉച്ചഭക്ഷണം കഴിക്കാൻ. അത്താഴം എപ്പോഴും ലഘുവായത് ആയിരിക്കണം. നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം അത്താഴത്തിന് കഴിക്കാൻ ശ്രദ്ധിക്കണം.
സ്നാക്സിൽ ഉൾപ്പെടുത്താം പഴങ്ങൾ
മൂന്ന് നേരമാണ് ഒരു ദിവസത്തെ ആഹാരക്രമം നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഇടയ്‍ക്ക് സ്നാക്സ് ആയി എന്തെങ്കിലും കഴിക്കുന്നത് നമ്മുടെ ശീലത്തിൽ ഉൾപ്പെട്ടതാണ്. ഈ സ്നാക്സുകൾ പോഷകങ്ങൾ അടങ്ങിയതും ലഘുവായതാണെന്നതും ഉറപ്പുവരുത്തേണ്ടതുണ്ട്. നട്സ്, പഴങ്ങൾ എന്നിവയാണ് സ്നാക്സായി കഴിക്കാൻ ഉത്തമം.
ജൈവഘടികാരം
ശാരീരിക പ്രവർത്തനങ്ങൾ സമയമനുസരിച്ച് മാനസിക ധാരണയുമായി പൊരുത്തപ്പെടുന്നതാണ് ഇത്. ഉറക്കമുണരുമ്പോൾ മുതലുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങൾ ജൈവഘടികാരവുമായി നേരിട്ട് ബന്ധപ്പെട്ട് കിടക്കുന്നു. പകൽ സമയത്തെ ഭക്ഷണവും ജൈവഘടികാരവും തമ്മിൽ സമാന്തരമായ ബന്ധം ഉണ്ടാക്കേണ്ടത് പ്രധാനപ്പെട്ടതാണ്.
Content highlights: weight loss, this is a important factor for your meals, diet