തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ച ബജറ്റ് ജനജീവിതം കൂടുതൽ ദുസ്സഹമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സാമ്പത്തികമായ ഇടപെടലുകൾ കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും സാമ്പത്തിക നില ഭദ്രമാണെന്ന തെറ്റായ അവകാശവാദമാണ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിലൂടെ നടത്തിയിരിക്കുന്നതെന്ന് വി.ഡി സതീശൻ പറഞ്ഞു.
മൂന്നു വർഷത്തിനുള്ളിൽ നാനൂറോളം വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലേക്കും കൂടുതൽ സർവീസുകൾ കൊണ്ടു വന്ന് സംസ്ഥാനത്തെ തകർക്കുന്ന സിൽവർ ലൈൻ പദ്ധതിയിൽ നിന്നും പിൻമാറാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നികുതി ഭീകരത നടപ്പാക്കിയും പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റു തുലച്ചുമാണ് വരുമാനമുണ്ടാക്കുന്നത്. നോട്ടു നിരോധനവും അശാസ്ത്രീയമായി ജി.എസ്.ടി നടപ്പാക്കിയതു പോലുള്ള തെറ്റായ വഴികളിലൂടെയാണ് ജി.ഡി.പി വർധനവുണ്ടാക്കിയിരിക്കുന്നത്. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് എല്ലാ രാജ്യങ്ങളുടെയും ജി.ഡി.പി മൈനസിലേക്ക് പോയപ്പോൾ മൻമോഹൻ സിംഗ് സർക്കാർ 3.1 ആയി പിടിച്ചുനിർത്തിയിരുന്നു.
പേ ടി.എം പോലുള്ള കമ്പനികളെ പ്രോത്സാഹിപ്പിച്ച് സ്റ്റോക് മാർക്കറ്റിൽ കുമിളകളുണ്ടാക്കി നിക്ഷേപകരെ നഷ്ടത്തിലേക്ക് തള്ളിവിടുകയാണ്. അടിസ്ഥാന സൗകര്യ വികസന രംഗത്തെ പ്രഖ്യാപനങ്ങളെ സ്വാഗതം ചെയ്യുന്നു. പക്ഷെ അത് പ്രഖ്യാപിച്ചതു പോലെ നടപ്പാക്കാനാകണം.
ജി.എസ്.ടിയിൽ വൻതോതിൽ വരുമാനം ഉണ്ടാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ പറയുമ്പോഴും കേരളത്തിൽ വരുമാനക്കുറവുണ്ടാകാൻ കാരണം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയാണെന്നും പരിശോധിക്കപ്പെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
Content Highlights: VD Satheesans statement onUnion Budget 2022