കോവിഡ് മഹാമാരി പടർന്നുപിടിച്ചതോടെ ജീവിതമാർഗവും വരുമാനവും കണ്ടെത്തനായി നെട്ടോട്ടത്തിലാണ് സാധാരണക്കാരായവർ. ഹൃദയം തൊടുന്ന ഒട്ടേറെ വീഡിയോകൾ ദിവസവും സോഷ്യൽ മീഡിയയിൽ പങ്കുവയ്‍ക്കപ്പെടാറുണ്ട്. ബെംഗളുരുവിൽ ദോശയും ഇഡ്ഡലിയും വിറ്റ് ഉപജീവനമാർഗം തേടുന്ന 63 വയസ്സുകാരിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.
യൂട്യൂബ് സ്വാദ് ഓഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഇവരുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 30 വർഷമായി തന്റെ വീടിന് സമീപത്തുനിന്നാണ് അവർ ദോശയും ഇഡ്ഡലിയും വിൽക്കുന്നത്. ഇഡ്ഡലിക്ക് രണ്ടര രൂപയും ദോശയ്‍ക്ക് അഞ്ച് രൂപയുമാണ് വില.
ഇഡ്ഡലിയും ദോശയും വീടിന്റെ ഒന്നാം നിലയിലാണ് തയ്‌യാറാക്കുന്നത്. ഇത് ബക്കറ്റിൽ കെട്ടി താഴേക്ക് ഇറക്കിയശേഷമാണ് വിൽപ്പന. ബെംഗളൂരുവിലെ ബസവനഗുഡിയ്‍ക്ക് സമീപം പാർവതിപുരം എന്ന സ്ഥലത്താണ് ഇവരുടെ വീട്.
ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ഇതുവരെ 50 ലക്ഷത്തിന് അടുത്താളുകളാണ് കണ്ടത്. വീഡിയോയ്‍ക്ക് അഞ്ച് ലക്ഷത്തിൽ അധികം ലൈക്കുകളും നൂറുകണക്കിന് കമന്റുകളും ലഭിച്ചു.
സാധാരണക്കാരായ ആളുകളാണ് ഏറ്റവും അധികം അത്ഭുതപ്പെടുത്തുന്നതെന്നത്. അവരെ എളുപ്പത്തിൽ തിരിച്ചറിയാൻ പ്രയാസമാണെന്ന് ഒരാൾ കമന്റ് ചെയ്തു. വീഡിയോ ഏറെ പ്രചോദനകരമാണ്. ഏറെ അഭിമാനം തോന്നുന്നു. ജോലി ചെയ്‌യാൻ ആത്മാർഥമായി ആഗ്രഹിക്കുന്നവർക്ക് ഏത് തരത്തിലുള്ള ജോലിയും ചെയ്‌യാൻ കഴിയുമെന്നും എല്ലാവർക്കുമുള്ള ഗുണപാഠം വീഡിയോയിലുണ്ടെന്നും മറ്റൊരാൾ കമന്റ് ചെയ്തു.
Content highlights: bengaluru based lady sells idlis and dosas, for rupees five, viral video