ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധാലുവായ ബോളിവുഡ് നടിമാരിൽ ഒരാളാണ് അലായ. താൻ പിന്തുടരുന്ന ഹെൽത്ത് ടിപ്സുകൾ സോഷ്യൽമീഡിയയിലൂടെ അവർ ആരാധകർക്കായി മിക്കപ്പോഴും പങ്കുവയ്‍ക്കാറുണ്ട്. കൃത്രിമ സൗന്ദര്യവർധക വസ്തുക്കളും മറ്റും ഒഴിവാക്കി പ്രകൃതിദത്ത ഉത്‌പന്നങ്ങൾകൊണ്ട് തയ്‌യാർ ചെയ്ത് എടുക്കുന്ന ഫെയ്സ്പാക്കുകളും പാനീയങ്ങളുമാണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്‍ക്കാറ്. മഞ്ഞൾ ഉപയോഗിച്ചുകൊണ്ട് തയ്‌യാറാക്കുന്ന ഫെയ്സ്പാക്കും പാനീയവും ആരാധകരെ പരിചയപ്പെടുത്തിയിരിക്കുകയാണ് അലായ.
ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് മഞ്ഞൾ. ശരീരത്തിന് ആവശ്യമായ ഒട്ടേറെ പോഷകങ്ങൾ മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. സോഡിയം, പൊട്ടാസ്യം, വിറ്റാമിൻ സി, വിറ്റാമിൻ B6, വിറ്റാമിൻ ഡി, അയൺ എന്നിവയെല്ലാം മഞ്ഞളിൽ അടങ്ങിയിരിക്കുന്നു. സൗന്ദര്യസംരക്ഷണത്തിലും മഞ്ഞളിന് പ്രധാന്യമുണ്ട്. മഞ്ഞൾ പ്രധാന ചേരുവകയായ ഹൽദി ഫെയ്സ്പാക്കും ഹൽദി മിൽക്കും തയ്‌യാറാക്കുന്നത് എങ്ങിനെയെന്ന് വിവരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അലായ.
മഞ്ഞൾ, തേൻ, പാൽ, കടലമാവ് എന്നിവ ചേർത്ത് ഫെയ്സ്പാക്ക് തയ്‌യാറാക്കുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. പാൽ തിളപ്പിച്ചശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, കറുവാപ്പട്ട, ഇഞ്ചി, തേൻ എന്നിവ ചേർത്താണ് ഹൽദി മിൽക്ക് തയ്‌യാറാക്കുന്നത്. മുഖത്ത് ഹൽദി ഫെയ്സ്പാക്ക് ഇട്ട് വീടിന്റെ ബാൽക്കണിയിൽ ഇരുന്ന് ഹൽദി മിൽക്ക് കുടിക്കുന്ന അലായയെ വീഡിയോയിൽ കാണാം. ഹൽദി ഫെയ്സ്പാക്കും ഹൽദി മിൽക്കും തയ്‌യാറാക്കേണ്ടത് എങ്ങനെയെന്ന് ഇൻസ്റ്റഗ്രാം പോസ്റ്റിൽ അലായ വിവരിച്ചിട്ടുണ്ട്.
Content highlights: facepack and milk prepared with turmeric, bollywood actress alaya f, instagram video