തിരുവനന്തപുരം: ദേവികുളം മുൻ എംഎൽഎ എസ്.രാജേന്ദ്രനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള ശുപാർശ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. ഒരു വർഷത്തേക്കാണ് സസ്പെൻഷൻ.
സംഘടനാ വിരുദ്ധതയുടെ പേരിൽ രാജേന്ദ്രനെ സസ്പെൻഡ് ചെയ്യാൻ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. നടപടിക്രമങ്ങളുടെ ഭാഗമായി തീരുമാനം സംസ്ഥാന സെക്രട്ടറിയേറ്റ് കൈമാറുകയായിരുന്നു. ഇതിനാണ് ഇപ്പോൾ സെക്രട്ടറിയേറ്റിന്റെ അംഗീകാരം ലഭിച്ചിരിക്കുന്നത്. പാർട്ടി സമ്മേളനങ്ങൾ നടക്കുന്നതിനാലാണ് നടപടി വൈകിയത്.
ദേവികുളത്തെ നിലവിലെ എംഎൽഎ എ.രാജയെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നാണ് രാജേന്ദ്രനെതിരായ പ്രധാന ആരോപണം. ഇത് ശരിയാണെന്ന് സിപിഎം അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. പാർട്ടി സമ്മേളനങ്ങളിലും പരിപാടികളിലും സഹകരിക്കാത്തതും അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങളാണ്.