ഏറെ സമ്പന്നമായ ചരിത്രമുള്ള ഇന്ത്യയിലെ പഴയ നഗരങ്ങളിലൊന്നാണ് കൊൽക്കത്ത. ഒരു കാലത്ത് കൊൽക്കത്ത നഗരത്തിൽ ധാരാളമായി കണ്ടിരുന്ന ഒന്നാണ് ട്രാംകാർ. 19 ാം നൂറ്റാണ്ടിൽ നഗരത്തിലെ പ്രധാന സഞ്ചാര മാർഗങ്ങളിലൊന്നായിരുന്നു ഇത്. ആദ്യകാലങ്ങളിൽ ഇത് കുതിരയെ ഉപയോഗിച്ചായിരുന്നു വലിച്ചിരുന്നത്. പിന്നീട്, ആവി എൻജിൻ ഉപയോഗിച്ച് തുടങ്ങി. ഇന്ന് കൊൽക്കത്തയിൽ വൈദ്യുതി ഉപയോഗിച്ചാണ് ഇത് പ്രവർത്തിപ്പിക്കുന്നത്. വളരെ കുറച്ച് ആളുകൾ മാത്രമാണ് ഇന്ന് ട്രാംകാറിൽ സഞ്ചരിക്കുന്നത്.
എന്നാൽ, ട്രാംകാറിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ പശ്ചിമബംഗാൾ സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണ്. ഒരു ട്രാംകാറിനെ റെസ്റ്റൊറന്റാക്കി മാറ്റാൻ സർക്കാർ പദ്ധതിയിടുന്നതായി എ.എൻ.ഐ. റിപ്പോർട്ടു ചെയ്തു. വിനോദസഞ്ചാരികൾക്കും കൊൽക്കത്തയിലെ ജനങ്ങൾക്കും ഉപകാരപ്പെടും വിധമായിരിക്കും ഇതിന്റെ പ്രവർത്തനം.
കൊൽക്കത്തയിൽ ലഭ്യമായ രുചികരമായ സ്ട്രീറ്റ് ഫുഡ് ആയിരിക്കും ട്രാംകാർ റെസ്റ്റൊറന്റിൽ വിൽപ്പനയ്ക്കുണ്ടാകുക. കൂടാതെ ഇവിടെ വേരുപിടിച്ചിട്ടുള്ള ചൈനീസ് വിഭവങ്ങളും ഇതോടൊപ്പം ഉണ്ടാകും. കൊൽക്കത്തയിലെ ന്യൂടൗണിലെ ഇക്കോ പാർക്കിലായിരിക്കും ട്രാംകാർ റെസ്റ്റൊറന്റ് ഉണ്ടാകുക. ന്യൂടൗൺ കൊൽക്കത്ത ഡെവലപ്മെന്റ് അതോറിറ്റിക്കാണ്(എൻ.കെ.ഡി.എ.) മേൽനോട്ട ചുമതല.
സന്ദർശകർക്ക് പഴയ കൊൽക്കത്തയുടെ അനുഭവം നൽകുന്നതിന് ചരിത്രപരമായ പല ഘടകങ്ങളും ട്രാംകാർ റെസ്റ്റൊറന്റിൽ കൂട്ടിച്ചേർത്തിട്ടുണ്ടെന്ന് എൻ.കെ.ഡി.എ. പറഞ്ഞു. പെയിന്റിങ്ങുകൾ, കാർട്ടൂണുകൾ, പഴയ ബംഗാളി സിനിമകളുടെ പോസ്റ്ററുകൾ, വിളക്കുകാലുകൾ എന്നിവയെല്ലാം റെസ്റ്റൊറന്റിൽ കൂട്ടിച്ചേർക്കും. 20 പേർക്കുള്ള ഇരിപ്പിടങ്ങളാണ് ട്രാംകാർ റെസ്റ്റൊറന്റിൽ ഒരുക്കിയിരിക്കുന്നത്.
Content highlights: tramcar remodeled to serve street foods of kolkata, west bengal government refurbished a tram