പുത്തൻ ട്രെൻഡുകൾ നിരന്തരം പരീക്ഷിക്കപ്പെടുന്ന മേഖലയാണ് ഫാഷൻ ഇൻഡസ്ട്രി. വസ്ത്രം, മേക്ക് അപ്, സ്റ്റൈലിങ് തുടങ്ങി ചെരുപ്പുകളിൽ വരെ ദിവസവും പുതുപുത്തൻ ട്രെൻഡുകൾ പരീക്ഷിക്കപ്പെടുന്നു. ഇങ്ങനെ സാൻഡ്വിച്ച് മാതൃകയിൽ തയ്‌യാറാക്കിയ ഷൂവിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
പ്രമുഖ അമേരിക്കൻ ബ്രാൻഡായ ഡോൾസ് കിൽ ആണ് സാൻഡ് വിച്ച് മാതൃകയിൽ തീർത്തിരിക്കുന്ന ചെരുപ്പുകൾ പുറത്തിറക്കിയിരിക്കുന്നത്. മനുഷ്യനിർമിത വസ്തുക്കൾക്കൊണ്ട് നിർമിച്ചതാണ് ഈ ചെരുപ്പുകളെന്ന് അവർ അവകാശപ്പെട്ടു. 7329 രൂപയാണ് (98 ഡോളർ) ഈ ഷൂവിന്റെ വില. പേപ്പെറോണി(ഒരുതരം മാംസവിഭവം), സവാള, ചീര, തക്കാളി എന്നിവയെല്ലാം സാൻഡ്വിച്ച് ഷൂവിൽ കാണാം. ഷൂ ലേസിൽ ഒലീവിന്റെയും ചിത്രം പതിപ്പിച്ചിട്ടുണ്ട്.
അതേസമയം, സാൻഡ്വിച്ച് ഷൂവിന് സമ്മിശ്രപ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. വീഗൻ ഡയറ്റ് പിന്തുടരുന്നവർക്കും അതേമാതൃകയിൽ ഷൂ വേണമെന്ന് ഒരാൾ കമന്റ് ചെയ്തു. താൻ സബ് വേയിലാണ് ജോലി ചെയ്‌യുന്നതെന്നും ഈ ചെരുപ്പ് ധരിച്ച് ജോലി ചെയ്‌യുമെന്നും മറ്റൊരാൾ കമന്റ് ചെയ്തു. ഈ ചെരുപ്പ് ധരിച്ച് പോയാൽ അച്ഛനും അമ്മയും തന്നെ മാനസികാരോഗ്യകേന്ദ്രത്തിലാക്കുമെന്ന് മറ്റൊരാൾ പറഞ്ഞു.
Content highlights: these sandwich sneakers have piqued the internets curiosity