കൊയിലാണ്ടി: രണ്ട് ഭാഗത്ത് നിന്നും ഏഴരമീറ്റർ വീതമെടുത്ത് 14 മീറ്റർ ഏറ്റെടുത്താണ് കോഴിക്കോട് നന്ദി-ചെങ്ങോട്ട് കാവ് ദേശീയ പാതയുടെ എല്ലായിടത്തും റോഡ് വികസനം നടക്കുന്നത്. എന്നാൽ കൊയിലാണ്ടി കൊല്ലം സ്വദേശിയായ പറയൻകണ്ടി നാരായണന്റെ സ്ഥലത്ത് അധികൃതർ സർവേയെടുത്ത് മാർക്ക് ചെയ്ത് പോയത് ഏകദേശം 24 മീറ്ററോളമാണ്. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മരം മുറിയും മണ്ണെടുപ്പുമെല്ലാം വീടിന് തൊട്ടടുത്ത് എത്തിയപ്പോഴും അധികൃതർക്ക് പറ്റിയ തെറ്റ് മാനിക്കാതെ വികസന പ്രവർത്തനവുമായി മുന്നോട്ട് പോവുകയാണ് ദേശീയ പാത അതോറിറ്റി. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ദേശീയ പാത അധികൃതർക്കും മറ്റും നാരായണൻ നൽകിയിട്ടുണ്ടെങ്കിലും ആരും വന്ന് പോലും നോക്കിയില്ലെന്ന് പറയുന്നു ഈ 65 കാരൻ. എന്തുകൊണ്ട് തന്റെ സ്ഥലത്ത് മാത്രം 24 മീറ്ററോളം മാർക്ക് ചെയ്തിരിക്കുന്നുവെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയും ആരും നൽകുന്നില്ല.
നാരായണന്റെ പരിസരവാസികളെല്ലാം സ്ഥലം വിട്ട് കൊടുത്തതിലുള്ള നഷ്ടപരിഹാരവും വാങ്ങി പോയെങ്കിലും സർവേയിലെ തെറ്റ് കാരണം ആധാരം സമർപ്പിക്കാനോ, നഷ്ടപരിഹാരം കൈപ്പറ്റാനോ ഇതുവരെ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ആദ്യം ആധാരം സമർപ്പിക്കൂവെന്നും ബാക്കി കാര്യങ്ങളെല്ലാം വഴിയെ പരിഹരിക്കാമെന്നും ദേശീയ പാത അധികൃതർ നിരന്തരം ഫോൺവിളിച്ച് പറയുന്നുണ്ടെങ്കിലും സർവേയിലെ തെറ്റ് പരിഹരിക്കാതെ എങ്ങനെ ആധാരം സമർപ്പിക്കുമെന്നാണ് നാരായണൻ ചോദിക്കുന്നത്. മറ്റുള്ളയിടത്ത് നിന്നെല്ലാം സ്ഥലമേറ്റെടുത്തത് പോലെ ഏഴരമീറ്റർ ഏറ്റെടുക്കുമ്പോൾ മറുവശത്ത് നിന്നും അതേ പോലെ ഏറ്റെടുക്കേണ്ടി വരും. പക്ഷെ അതിന് നിൽക്കാതെ തന്റെ സ്ഥലത്തിലൂടെ പാതയെ വളച്ചുകൊണ്ടുപോവുന്ന രീതിയിലാണ് ഇപ്പോഴത്തെ സർവേയെന്ന് ചൂണ്ടിക്കാട്ടുന്നു നാരായണൻ.
നിലവിൽ ഏകദേശം 24 മീറ്ററോളമുള്ള സർവേ മാർക്ക് ചെയ്ത സ്ഥലത്ത് കൂടെ റോഡ് വരികയാണെങ്കിൽ നാരാണന്റെ വീടിന്റെ സൺഷൈഡ് അടക്കമുള്ള ഭാഗവും ഏക വരുമാന മാർഗമായ പശുത്തൊഴുത്തുമെല്ലാം നഷ്ടപ്പെടും. പിന്നീട് അവിടെ താമസിക്കാനും കഴിയില്ല. സർവേ പിഴവ് ദേശീയ പാത അധികൃതർ സമ്മതിക്കുകയും തുടർ നടപടികൾക്കായി സ്പെഷ്യൽ തഹസിൽദാർ(എൻ.എച്ച്) ന് റിപ്പോർട്ട് നൽകുകയും ചെയ്തെങ്കിലും ഇതുവരെ തുടർ നടപടികളൊന്നുമുണ്ടായിട്ടില്ല. ഇതോടെ എന്ത് ചെയ്യണമെന്നറിയാതെ ദുരിതത്തിലായിരിക്കുകയാണ് നാരായണനും കുടുംബവും.