മീൻ എന്നു കേൾക്കുമ്പോഴേക്കും വായിൽ വെള്ളമൂറുന്നവരുണ്ട്. ഇനി ചിലരാകട്ടെ മീൻ വിഭവങ്ങൾ കാണാൻ ഇഷ്ടമാണെങ്കിലും പരീക്ഷിക്കാൻ ഒട്ടും താൽപര്യമില്ലാത്തവരാണ്. ചിലർ പാതിവഴിയിൽ വച്ച് മത്സ്യവിഭവങ്ങളോട് ഗുഡ്ബൈ പറയുന്നവരുമാണ്. എന്നാൽ വെജ് പ്രേമികൾക്കായി ഒരു ഫിഷ് ഫ്രൈ തയ്‌യാറാക്കി അവതരിപ്പിച്ചിരിക്കുകയാണ് ഡൽഹിയിലെ ഒരു ഭക്ഷണശാലക്കാർ. സംഗതി ശുദ്ധ വെജിറ്റേറിയൻ ഫിഷ് ഫ്രൈയാണ്.
കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഗതി സത്യമാണ്. ഇവിടെ ഫ്രൈ ചെയ്തെടുക്കുന്നത് നല്ല ശുദ്ധ വെജിറ്റേറിയൻ മത്സ്യമാണ്. ഫൂഡീ ഇൻകാർനേറ്റ് എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വെറൈറ്റി ഫിഷ് ഫ്രൈയുടെ വീഡിയോ പുറത്തുവന്നിരിക്കുന്നത്.
വെജിറ്റേറിയൻ ഫിഷ് ഫ്രൈ തയ്‌യാറാക്കുന്ന വിധമാണ് വീഡിയോയിലുള്ളത്. ആദ്യപടി വെജിറ്റേറിയൻ ഫിഷ് തയ്‌യാറാക്കലാണ്. സോയ കൊണ്ടാണ് മത്സ്യ രൂപത്തിൽ വെജിറ്റേറിയൻ ഫിഷ് തയ്‌യാറാക്കുന്നത്. ശേഷം ഇത് കോൺഫ്ളോർ പേസ്റ്റിലും കോൺഫ്ളേക്സിലുമൊക്കെ മിക്സ് ചെയ്ത് നന്നായി ഫ്രൈ ചെയ്തെടുക്കുന്നു. നന്നായി മൊരിച്ചെടുത്തു കഴിഞ്ഞ ഫിഷ് ഫ്രൈ കണ്ടാൽ ആരുംപറയില്ല സംഗതി വെജിറ്റേറിയൻ ആണെന്ന്.
ഇതിനകം നാലുലക്ഷത്തിനടുത്ത് ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. യഥാർഥ മീൻ പ്രേമികൾക്ക് സംഗതി അത്ര പിടിച്ചമട്ടില്ലെങ്കിലും വെജിറ്റേറിയൻ പ്രിയക്കാർ ഈ ഫിഷ് ഫ്രൈ ഏറ്റെടുത്തു കഴിഞ്ഞു.
Content Highlighst: Delhi Vendor Is Selling Veg Fish Viral Video