തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസ് സംബന്ധിച്ച വിഷയത്തിൽപ്രതിപക്ഷ നേതാവ് വിഡി സതീശന് മറുപടിയുമായി നിയമമന്ത്രി പി.രാജീവ്. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവുണ്ടെന്നും നിയമമന്ത്രി വ്യക്തമാക്കി. ഗവർണറാണ് നടപടിയെടുക്കേണ്ടത് എന്നാണ് കോടതി ഉത്തരവ്. നിയമസഭ ഉടൻ ചേരാത്തതിനാലാണ് ഓർഡിനൻസാക്കിയത്. മന്ത്രിസഭ വ്യക്തമായി പരിശോധിച്ചെടുത്ത തീരുമാനമാണ് ഓർഡിനൻസെന്നും പി രാജീവ് വ്യക്തമാക്കി.
വിഡി സതീശന്റെ നിലപാട് ഭരണഘടനാപരമല്ല. 14,12 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഹൈക്കോടതി വിധികൾ വകുപ്പ് 12നെ മാത്രം പരാമർശിക്കുന്നതല്ല. പ്രതിപക്ഷ നേതാവ് മുഴുവൻ വിധി വായിച്ചിട്ടുണ്ടാകില്ലെന്നും രാജീവ് പറഞ്ഞു. ലോകയുക്ത എന്നത് ശുപാർശ അറിയിച്ച് റിപ്പോർട്ട് നൽകാനുള്ള അർധ ജുഡീഷ്യറി സംവിധാനമാണ്. നിർദേശിക്കാനുള്ള സംവിധാനമല്ല. അപ്പീൽ അധികാരമില്ലെന്നത് ഭരണഘടനാവിരുദ്ധമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പൊതുപ്രവർത്തകർക്കെതിരായ അഴിമതി തെളിഞ്ഞാൽ പദവിയിൽ നിന്ന് നീക്കണമെന്ന ലോകായുക്ത നിയമത്തിലെ ഏറ്റവും കാതലായ വകുപ്പ് 14-ലാണ് വിവാദ ഭേദഗതി വരുന്നത്. പുതിയ ഭേദഗതി അനുസരിച്ചാണെങ്കിൽ മുഖ്യമന്ത്രിക്കെതിരായ കേസിൽ ഗവർണർക്കും മന്ത്രിമാർക്കെതിരായ കേസിൽ മുഖ്യമന്ത്രിക്കും തീരുമാനമെടുക്കാം.
ഹൈക്കോടതി ചോദ്യം ചെയ്തത് ലോകായുക്ത നിയമത്തിലെ വകുപ്പ് 12 ആണെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. പൊതുപ്രവർത്തകർ കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ സ്ഥാനത്ത് നിന്ന് മാറണമെന്ന നിർണായക വിധിയിലേക്ക് നയിക്കുന്ന സെക്ഷൻ 14നെതിരെ ഹൈക്കോടതി ഒന്നും പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കുന്നു.
Content Highlights: p rajeev responds to leader of opposition vd satheesan on lokayukta ordinance