കാഴ്ചക്കാരന്റെ ഹൃദയം കവരുന്ന ഒട്ടേറെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ദിവസവും പങ്കുവയ്ക്കപ്പെടാറുണ്ട്. സാമൂഹികമാധ്യമമായ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുൽഫി കച്ചവടക്കാരന്റെ അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
കഠിനാധ്വാനിയായ കുൽഫി വിൽപ്പനക്കാരനെ യൂട്യൂബ്സ്വാദ്ഒഫീഷ്യൽ എന്ന ഇൻസ്റ്റഗ്രാം പേജിലൂടെ ഒരു ഫുഡ് ബ്ളോഗറാണ് പരിചയപ്പെടുത്തിയിരിക്കുന്നത്.
28 വർഷത്തോളമായി മുംബൈയിലെ തെരുവുകളിൽ കുൽഫി വിൽക്കുന്നയാളാണിത്. സ്വന്തമായി കടയോ സ്റ്റാളോ ഇല്ലാത്ത ഇയാൾ തലചുമടായി നടന്നാണ് കുൽഫി വിൽക്കുന്നത്. 35 കിലോഗ്രാമോളം കുൽഫി ചുമന്ന് ശരാശരി 15 കിലോമീറ്ററാണ് ഇയാൾ ഒരു ദിവസം വിൽപ്പനയ്ക്കായി സഞ്ചരിക്കുന്നത്. തുച്ഛമായ വിലയ്ക്കാണ് കുൽഫി വിൽക്കുന്നത്. മുംബൈയിലെ ബാന്ദ്രാ ഫാഷൻ തെരുവിലാണ് ഇയാൾ രാവിലെ മുതൽ വൈകുന്നേരം വരെ കുൽഫി വിൽക്കുന്നത്.
രണ്ടുലക്ഷത്തിൽ പരം ആളുകളാണ് ഈ കുൽഫി വിൽപ്പനക്കാരന്റെ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.
കഠിനാധ്വാനിയായ ഈ കുൽഫി വിൽപ്പനക്കാരനെ ഇരുകൈയും നീട്ടിയാണ് സോഷ്യൽ മീഡിയ സ്വീകരിച്ചിരിക്കുന്നത്. ഞാൻ അവിടെ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മുഴുവൻ കുൽഫിയും വാങ്ങുമായിരുന്നുവെന്ന് വീഡിയോയ്ക്ക് ഒരാൾ കമന്റ് ചെയ്തു. അദ്ദേഹത്തെ നമിക്കുന്നുവെന്നും അദ്ദേഹത്തപ്പോലുള്ളവരെയാണ് താൻ മാതൃകയാക്കുന്നതെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.
Content highlights: mumbai based kulfi sellers inspiring story has been winning hearts on the internet