ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി. ജനുവരി 28, 29, 30 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് മാറ്റിവെച്ചത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാലാണ് മാറ്റിവെയ്ക്കാൻ തീരുമാനിച്ചതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. സാഹചര്യം അനുകൂലമാകുമ്പോൾ സമ്മേളനം നടത്തുമെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനത്തിനിടെയും സി.പി.എം. ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ കഴിഞ്ഞദിവസങ്ങളിൽ വ്യാപക വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെയ്ക്കാൻ തീരുമാനിച്ചതെന്നാണ് വിവരം.
സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയും പദയാത്രയുമെല്ലാം നേരത്തെ ഒഴിവാക്കിയിരുന്നു. തുടർന്നാണ് സമ്മേളനവും മാറ്റിവെയ്ക്കാൻ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി ശനിയാഴ്ച രാവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് സമ്മേളനം മാറ്റിവെയ്ക്കുന്നതായി അറിയിച്ചത്.
കോവിഡ് നിയന്ത്രണങ്ങൾക്കിടെ സി.പി.എം. ജില്ലാ സമ്മേളനങ്ങൾ നടത്തുന്നതിനെതിരേ പ്രതിപക്ഷകക്ഷികളടക്കം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിരുന്നത്. തിരുവനന്തപുരത്തെ ജില്ലാ സമ്മേളനത്തിനിടെ മെഗാതിരുവാതിരയും ഗാനമേളയുമെല്ലാം സംഘടിപ്പിച്ചതും വിവാദമായി. ഹൈക്കോടതി വിധിയെ തുടർന്ന് സി.പി.എം. കാസർകോട് ജില്ലാസമ്മേളനം ഒരുദിവസത്തിൽ ഒതുക്കേണ്ടിവന്നു. കാസർകോട് ജില്ലയിൽ ആദ്യം പൊതുസമ്മേളനങ്ങൾ വിലക്കി ജില്ലാ കളക്ടർ ഉത്തരവിട്ടെങ്കിലും രണ്ടുമണിക്കൂറിനകം ഈ ഉത്തരവ് പിൻവലിച്ചിരുന്നു. എന്നാൽ ഈ നടപടി സി.പി.എം. സമ്മേളനം നടക്കുന്നതിനാലാണെന്ന് ആക്ഷേപമുയർന്നു. മാത്രമല്ല, കളക്ടറുടെ ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയിലും ഹർജിയെത്തി. തുടർന്നാണ് 50-ലധികം പേരെ പങ്കെടുപ്പിച്ചുള്ള സമ്മേളനങ്ങൾ കാസർകോട് ജില്ലയിൽ നടത്താൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് വന്ന് മണിക്കൂറുകൾക്കകം സി.പി.എം. ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കുകയായിരുന്നു.
Content Highlights:cpim alappuzha district conference postponed due to covid spread