അടൂർ: അല്പം തൈരും കാന്താരിയും ഉപ്പുംചേർത്ത് ഞെരുടി ഉണക്കമീനുംകൂട്ടി പഴങ്കഞ്ഞി കുടിക്കാത്തവരുണ്ടാകില്ല. പഴങ്കഞ്ഞി കുടിച്ചവർ ആ രുചി ഒരിക്കലും മറക്കില്ല. കാലംമാറിയതോടെ പല വീടുകളിലെയും അടുക്കളയിൽനിന്ന് പഴങ്കഞ്ഞി പുറത്തായി.
എന്നാൽ, അടൂർ ബൈപ്പാസിലെ ‘അമ്മച്ചിക്കട’യിൽ പഴങ്കഞ്ഞി പ്രധാന വിഭവമാണ്. മൺചട്ടിയിൽ പഴഞ്ചോറിനൊപ്പം തൈരും കപ്പ വേവിച്ചതും പച്ചമുളകും ഒരു ചെറിയഉള്ളിയും ചേർത്താണ് പഴങ്കഞ്ഞി ലഭിക്കുക. കൂട്ടത്തിൽ അല്പം പയറുതോരൻ, അച്ചാർ, രണ്ട് വെള്ളക്കാന്താരി, മുളകുചമ്മന്തി, മത്തിവറുത്തത് എന്നിവയുമുണ്ടാകും.
പെരിങ്ങനാട് പുത്തൻചന്ത പുള്ളിപ്പാറ മല്ലയിൽ വീട്ടിൽ ബിനു അമ്മച്ചിക്കട എന്നു വിളിക്കുന്ന ബിനു വർഗീസിന്റേതാണ് ഈ പഴങ്കഞ്ഞിക്കട. 2010-ൽ ബിനുവിന്റെ അമ്മ, അന്നമ്മ വർഗീസ് ആരംഭിച്ചതാണ് അമ്മച്ചിക്കട.
ആദ്യം ചൂടുകഞ്ഞിയിലായിരുന്നു തുടക്കം. അധികംവരുന്ന കഞ്ഞിയിൽ പച്ചവെള്ളമൊഴിച്ച് പിറ്റേന്ന് ആളുകൾക്ക് നൽകിത്തുടങ്ങി. പിന്നീട് ആവശ്യക്കാർ ഏറിയതോടെ പഴങ്കഞ്ഞിയിൽ കൂടുതൽ തയ്‌യാറാക്കേണ്ടിവന്നു. ഇന്ന് 10 കിലോ അരിയാണ് പഴങ്കഞ്ഞിക്കായി ദിവസവും വെയ്‍ക്കുന്നത്.
വിശപ്പടക്കാനുള്ള ഭക്ഷണം വാങ്ങാൻ പണമില്ലാത്ത ഏതൊരാൾക്കും അമ്മച്ചിക്കടയിൽ ഭക്ഷണം സൗജന്യമാണ്. കൂടാതെ, ബിനുവിന്റെ വീട്ടിൽ അമ്മച്ചിവീട് എന്ന പദ്ധതിയും ആരംഭിച്ചു. ഭക്ഷണം മോഷ്ടിച്ചുവെന്ന ആരോപണത്തിന്റെ പേരിൽ കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ സ്മാരകവും ഇവിടെയുണ്ട്. ഭാര്യ മിനിയും മകൻ ആദവും ബിനു-അമ്മച്ചിക്കടയുടെ, ഈ പഴങ്കഞ്ഞിക്കടയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
Content Highlights: pazhamkanji, pazhamkanji recipe, pazham kanji benefits