കോഴിക്കോട്: കോഴിക്കോടിന്റെ തനതുരുചികളെ വിനോദിസഞ്ചാരികൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വലിയങ്ങാടിയിൽ ഭക്ഷ്യത്തെരുവ് ആരംഭിക്കുന്നു. മേയ് ആദ്യവാരത്തോടെ തുടക്കമാവുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പത്രസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തെ ആദ്യത്തെ പദ്ധതിയാണിത്. രാത്രിയിൽ സ്ഥിരംസംവിധാനമെന്നനിലയിലാണ് ആരംഭിക്കുന്നതെങ്കിലും അവിടുത്തെ വ്യാപാരികളെ ഒരുതരത്തിലും ബാധിക്കാതെയാണ് നടപ്പാക്കുകയെന്നും അദ്ദേഹം പറഞ്ഞു. രുചിക്കൊപ്പം സംഗീതമൊഴുകുന്ന ഭക്ഷ്യത്തെരുവായിരിക്കും. വൈകീട്ട് ഏഴിന് തുടങ്ങി രാത്രി പന്ത്രണ്ടുവരെ തുടരുന്ന രീതിയിലാണ് ആലോചിച്ചത്. സമയത്തിന്റെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.
കോഴിക്കാടിനു പിന്നാലെ കൊച്ചിയിലും തിരുവനന്തപുരത്തും ഭക്ഷ്യത്തെരുവുകൾ ആരംഭിക്കും. മാസ്റ്റർപ്ലാൻ തയാറാക്കാനും തുടർചർച്ചകൾക്കുമായി കളക്‍ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡിയുടെ നേതൃത്വത്തിൽ ഏകോപനസമിതി രൂപവത്‌കരിക്കും.
മാസ്റ്റർപ്ലാൻ തയ്‌യാറാക്കാൻ ആർക്കിടെക്‍ട് അസോസിയേഷന്റെ സഹകരണവുംതേടും. ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, വലിയങ്ങാടിയിലെ വ്യാപാരികൾ, തൊഴിലാളികൾ തുടങ്ങിയവരുമായി ചർച്ച നടത്തി. അവരുടെ അഭിപ്രായങ്ങളുംകൂടി കേട്ടശേഷമായിരിക്കും നടപ്പാക്കുക. ബുധനാഴ്ച കോർപ്പറേഷൻ മേയറുൾപ്പെടെയുള്ളവരുമായി കൂടിയാലോചന നടത്തി. ജനുവരിയിൽ വീണ്ടും ചർച്ച നടത്തും. വിനോദസഞ്ചാരവകുപ്പിന്റെ ഫണ്ടാണ് ഉപയോഗിക്കുന്നത്. പക്ഷേ, കോർപ്പറേഷനും വിനോദസഞ്ചാരവകുപ്പും ചേർന്നായിരിക്കും പദ്ധതി നടപ്പാക്കുക.
കോഴിക്കോട് ബീച്ചിനോട് ചേർന്ന സ്ഥലമെന്നനിലയിലാണ് വലിയങ്ങാടി തിരഞ്ഞെടുത്തത്. കുടുംബമൊന്നിച്ച് ആളുകൾക്കെത്തി ഭക്ഷണം കഴിച്ചുപോവാനുള്ള എല്ലാസൗകര്യങ്ങളുമുണ്ടാവും. മഴക്കാലത്തുകൂടി പ്രവർത്തിക്കാൻ കഴിയുന്നരീതിയിലുള്ള സജ്ജീകരണങ്ങളാണുള്ളത്.
വിനോദസഞ്ചാരമേഖലയ്‍ക്ക് വലിയനേട്ടമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. പത്രസമ്മേളനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, മേയർ ഡോ. എം. ബീനാഫിലിപ്പ്, ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കൗൺസിലർ എസ്.കെ. അബൂബക്കർ, കളക്‍ടർ ഡോ. എൻ. തേജ്ലോഹിത് റെഡ്ഡി എന്നിവരും പങ്കെടുത്തു.
Content Highlights: food street in calicut, pa muhammed riyas, valiyangadi kozhikode