പുതുവർഷം പിറക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രമാണ് ബാക്കി. പുതിയ വർഷത്തിന്റെ തുടക്കത്തിൽ മിക്കവരും പുതിയ തീരുമാനങ്ങളെടുക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായി ഉണ്ടാകുക ശരീരഭാരം കുറയ്ക്കുമെന്ന തീരുമാനമാകും. പക്ഷേ, വർഷം തീരാറാകുമ്പോഴും ശരീരഭാരത്തിൽ കാര്യമായ മാറ്റമൊന്നും വന്നിട്ടുണ്ടാകില്ല. ശരീരഭാരം കുറയ്ക്കുന്നതിന് ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കിയാൽ വളരെ വേഗത്തിൽ ലക്ഷ്യത്തിലെത്താൻ കഴിയുമെന്നും അവർ പറയുന്നു.
1. വൈറ്റ് ബ്രഡ്
സംസ്കരിച്ച കാർബോഹൈഡ്രേറ്റാണ് വൈറ്റ് ബ്രഡിൽ കൂടുതലായി അടങ്ങിയിരിക്കുന്നത്. ഇത് ശരീരഭാരം കുറയ്ക്കാനുള്ള നിങ്ങളുടെ ശ്രമങ്ങളെ താളം തെറ്റിക്കും. വൈറ്റ് ബ്രഡ് കഴിക്കുന്നത് വയറുനിറഞ്ഞതായി തോന്നിപ്പിക്കില്ല. അതിനാൽ, കൂടുതൽ കഴിക്കാൻ ഇത് പ്രേരിപ്പിക്കും. അത് ശരീരഭാരം കുറയുന്നതിന് പകരം കൂട്ടുകയാണ് ചെയ്യുകയെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വൈറ്റ് ബ്രഡിലെ ഫൈബർ നീക്കം ചെയ്യപ്പെടുന്നതുകൊണ്ടാണ് വയറുനിറഞ്ഞതായ തോന്നൽ ഉണ്ടാക്കത്തത്. അതിനാൽ, ധാന്യങ്ങൾ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ഉത്തമമെന്ന് അവർ പറയുന്നു.
2. വറുത്ത ഭക്ഷണങ്ങൾ
വറുത്ത വിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കാൻ പരമാവധി ശ്രദ്ധിക്കണം. വറുത്ത ഭക്ഷണത്തിൽ കലോറി കൂടിയ അളവിലായിരിക്കും ഉണ്ടാകുക. ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായതിലും കൂടുതൽ കലോറി ശരീരത്തിലെത്തുന്നത് ശരീരഭാരം ഒന്നുകൂടി വർധിപ്പിക്കും. വറുത്ത ഭക്ഷണം അമിതമായി കഴിക്കുന്നത് പൊണ്ണത്തടി പോലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ജനിതകപരമായി ശരീരഭാരം കൂടാൻ സാധ്യതയുള്ളവർ വറുത്ത ഭക്ഷണം കഴിക്കുന്നത് പിരിമിതപ്പെടുത്തണമെന്ന് ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ വ്യക്തമാക്കുന്നു.
3. ഷുഗർ സബ്റ്റിറ്റിയൂട്ട്
പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുന്നവ ശരീരഭാരം കൂട്ടുമെന്ന് ഡയറ്റീഷ്യനായ ജാനറ്റ് കോളമെൻ പറയുന്നു. കലോറിയുടെ അളവ് ഇവയിൽ നന്നേ കുറവാണെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഇവ വർധിപ്പിക്കുമെന്നും ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളുടെ താളം തെറ്റിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ഇൻസുലിൻ ക്ഷമതയെ സ്വാധീനിക്കുന്നതിനാൽ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്ന വസ്തുക്കൾ യഥാർത്ഥത്തിൽ ശരീരഭാരം വർധിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്.
4. ബേക്ക് ചെയ്ത ആഹാരം
കേക്കുകൾ, മിഠായികൾ, പേസ്ട്രീസ് എന്നിവയെല്ലാം മൈദ, പഞ്ചസാര എന്നിവ കൊണ്ടാണ് ഉണ്ടാക്കുന്നത്. ഇതിനൊപ്പം അവയിൽ കൂടിയ അളവിലാണ് കലോറി അടങ്ങിയിരിക്കുന്നത്. ഒരു ചെറിയ കേക്കിൽ 300 മുതൽ 500 വരെ കലോറി അടങ്ങിയിരിക്കുന്നു. കൂടാതെ, ഇവയിൽ പോഷകങ്ങളും കുറവായിരിക്കും.
5. ബിയർ, മദ്യം
ബിയർ, കോക്ടെയ്ൽ എന്നിവയിൽ പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയുടെ അളവ് വളരെ അധികമായിരിക്കും. ഇത് ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയാണ്. ശരീരഭ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇവ ഒഴിവാക്കുന്നതായിരിക്കും ഉചിതം.
Content highlights: weight loss tips, food to avoid, healthy food items