കോട്ടയം: ഈ ക്രിസ്മസിനെങ്കിലും അധികൃതരുടെ വാക്കനുസരിച്ച് പോത്തിറച്ചിയുടെ വില കുറയുമെന്ന് കരുതിയവർക്ക് തെറ്റി. ഇറച്ചിവിലയ്‍ക്ക് മൂക്കുകയറിടാൻ ശ്രമിച്ചവരൊക്കെ പിന്നാക്കം പോയതോടെ ജനം കൂടിയവിലയ്‍ക്ക് തന്നെ ഇറച്ചിവാങ്ങേണ്ടിവന്നു.
320 രൂപയ്‍ക്ക് പോത്തിറച്ചി ലഭ്യമാക്കാൻ ശ്രമം തുടങ്ങിയ സർക്കാർ സംവിധാനങ്ങളൊന്നും ആദ്യത്തെ ഉണർവ് ഇക്കാര്യത്തിൽ കാണിക്കാത്തതോടെ തരംപോലെ വില തന്നെയാണ് പോത്തിറച്ചിക്കിപ്പോഴും.
ക്രിസ്മസ് തലേന്നുമാത്രം 1000 ടൺ പോത്തിറച്ചി ജില്ലയിൽ വിൽക്കപ്പെട്ടതായാണ് കണക്ക്.
പഞ്ചായത്ത് ഡയറക്‍ടറുടെ നിർദേശം പാലിക്കപ്പെട്ടില്ല
പോത്തിറച്ചിയുടെ വില ഏകീകരിക്കാൻ അതത് ജില്ലയിൽ തദ്ദേശസ്ഥാപനങ്ങൾ മുൻകൈയെടുക്കാൻ പഞ്ചായത്ത് ഡയറക്‍ടറേറ്റ് നിർദേശം നൽകിയിരുന്നു. പക്ഷേ മാസങ്ങൾ പിന്നിട്ടിട്ടും ഇതിൻപ്രകാരം ഒരു പഞ്ചായത്തിലും കൂടിയാലോചനയുണ്ടായില്ല.
മാഞ്ഞൂർ പഞ്ചായത്ത് മാത്രം ആദ്യഘട്ടത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചു. പിന്നാലെ മറ്റു ചില പഞ്ചായത്തുകളും നടപടിക്ക് കോപ്പുകൂട്ടിയെങ്കിലും ആദ്യത്തെ ആവേശം പിന്നെയുണ്ടായില്ല. കിലോഗ്രാമിന് 360 രൂപയെന്ന നിരക്കാണിപ്പോൾ ജില്ലയുടെ ഭൂരിഭാഗം പ്രദേശത്തും. 320 രൂപയായി ഏകീകരിക്കാനായിരുന്നു ആലോചന. എന്നാൽ വ്യാപാരികളുമായി നടന്ന ചർച്ചയിൽ തീരുമാനമാകാതെ വന്നതോടെ ആ ശ്രമം വിലപ്പോയില്ല.
ജില്ലാപഞ്ചായത്ത് കത്ത് നൽകി, പക്ഷേ…
330 രൂപ വിലയ്‍ക്ക് പോത്തിറച്ചി ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ച് ജില്ലാപഞ്ചായത്ത് ഒക്‍ടോബറിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കത്തയച്ചു. എന്നാൽ ജില്ലാപഞ്ചായത്തിന്റെ ഇത്തരമൊരു നിർദേശത്തിന് നിയമപരമായ നിലനിൽപ്പില്ല. ഈ വിഷയത്തിൽ ഭക്ഷ്യസുരക്ഷാവകുപ്പും ജില്ലാകളക്‍ടറും ഇടപെട്ട് ഔദ്യോഗിക നിർദേശം നൽകിയെങ്കിലേ തദ്ദേശസ്ഥാപനങ്ങൾ വില ഏകീകരണത്തിന് നടപടി സ്വീകരിക്കൂ.
കെ.വി.ജോർജിന്റെ പരാതി ഇപ്പോഴും നിലനിൽക്കുന്നു
പോത്തിറച്ചിയിലെന്താ സ്വർണം പൂശിയിട്ടുണ്ടോയെന്ന ചോദ്യവുമായി ജില്ലാപഞ്ചായത്തിന് പരാതി നൽകിയത് മുളക്കുളം സ്വദേശി റിട്ട.അധ്യാപകൻ കെ.വി.ജോർജാണ്. അദ്ദേഹത്തിന്റെ പരാതി ജില്ലാപഞ്ചായത്ത് ഭക്ഷ്യമന്ത്രിക്ക് കൈമാറിയെങ്കിലും ജില്ലാകളക്‍ടർമാരാണ് ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്‌യേണ്ടത് എന്ന മറുപടിയാണ് വന്നത്.
പരാതി നൽകി ഒരുമാസത്തിനകം ജോർജ് അന്തരിച്ചു. പോത്തിറച്ചിയുടെ അന്യായവിലയെക്കുറിച്ച് അദ്ദേഹമുന്നയിച്ച പരാതി മരണശേഷവും പരിഹരിക്കപ്പെടാതെ നീളുകയാണ്. പോത്തിറച്ചിക്ക് 320 മുതൽ 400 രൂപ വരെ പല ജില്ലയിലും തോന്നിയ വിലയാണെന്ന് പരാതിയിൽ സൂചിപ്പിച്ചിരുന്നു.
Content Highlights: beef price in kerala, beef price hike