തിരുവനന്തപുരം: സിൽവർലൈൻ പദ്ധതിക്കായി കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് നിയമപരമെന്ന നിലപാടിൽ ഉറച്ച് കെ-റെയിൽ. ഇക്കാര്യം കെ-റെയിൽ കോടതിയെ ധരിപ്പിക്കും. സർവേയും കല്ലിടലും തുടരുമെന്നും അധികൃതർ അറിയിച്ചു. കോൺക്രീറ്റ് തൂൺ സ്ഥാപിക്കുന്നത് കോടതി വിലക്കിയെങ്കിലും സർവേ തുടരാനാണ് കെ-റെയിലിന്റെ തീരുമാനം. കോടതി തീർപ്പ് വരുന്നത് വരെ റൂൾ 3 പ്രകാരമുള്ള കരിങ്കൽ സർവേ കല്ലുകൾ സ്ഥാപിക്കും.
കേസ് കോടതി പരിഗണിക്കുമ്പോൾ കോൺക്രീറ്റ് തൂൺ നിയമപരമെന്ന് കെ-റെയിൽ വിശദീകരിക്കും. ജനുവരി 12നാണ് കേസ് കോടതി പരിഗണിക്കുക. അതുവരെ സർവേ നടപടികളുമായി് കെ-റെയിൽ മുന്നോട്ടുപോകും. കരിങ്കല്ലിലുള്ള സർവേ കല്ല് ശേഖരിക്കാനുള്ള നടപടികളും കെ-റെയിൽ ആരംഭിച്ചിട്ടുണ്ട്.
എന്നാൽ കല്ലിടൽ ജനാധിപത്വിരുദ്ധമാണെന്ന ആരോപണവുമായി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തെത്തി. ഇപ്പോൾ മുൻഗണന നൽകേണ്ട പദ്ധതിയല്ല കെ-റെയിൽ. സർക്കാർ പദ്ധതിയിൽ നിന്നും പിന്മാറണം. ജനങ്ങളുമായി ചർച്ച ചെയ്യാതെയും അലൈൻമെന്റ് കൃത്യമായി നിർണയിക്കാതെയുമാണ് കല്ലിടലെന്നും ശാസ്ത്ര സാഹിത്യ പരിഷത്ത് പറഞ്ഞു.
Content Highlights:k rail will go on with concrete pillars