മനസ്സിനെ പിടിച്ചിരുത്തുന്ന ധാരാളം വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയിൽ ദിവസവും പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലൊന്നായിരുന്നു സുഖമില്ലാത്ത മാതാപിതാക്കൾക്ക് ചികിത്സയ്‍ക്കും ഭക്ഷണത്തിനും പണം കണ്ടെത്തുന്നതിന് റോഡരികിൽ പഴങ്ങൾ വിൽക്കുന്ന ഭിന്നശേഷിക്കാരന്റെ വീഡിയോ.
ഇപ്പോഴിതാ വഴിയരികിൽ സിന്ധി സ്റ്റൈൽ റൈസ് ചോലെ വിൽക്കുന്ന ഭിന്നശേഷിക്കാരനായ കച്ചവടക്കാരന്റെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ചടുലതയോടെ ഭക്ഷണം കവറിലാക്കിയും പാത്രത്തിലാക്കിയും വിതരണം ചെയ്‌യുന്ന ഇയാളെ അഭിനന്ദിച്ച് ഒട്ടേറെപ്പേർ രംഗത്തെത്തി. ജോലിയോടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥതയെയും കഠിനാധ്വാനത്തെയും ആളുകൾ പുകഴ്ത്തി. അമൽ സിരോഹി എന്ന ഫുഡ് ബ്ളോഗറുടെ ഫൂഡി ഇൻകാർനേറ്റ് യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഇടതുകൈപ്പത്തി ഇല്ലാത്ത ഇയാൾ വേഗത്തിൽ വിഭവങ്ങൾ തയ്‌യാറാക്കി നൽകുന്നതാണ് വീഡിയോയിൽ കാണാൻ കഴിയുക. ഇരുകൈകളും ഉള്ളവർ ചെയ്‌യുന്ന അതേ വേഗതയിൽ വൈദഗ്ധ്യത്തോടെയാണ് ഭക്ഷണം വിളമ്പി നൽകുന്നത്.
സിന്ധി ശൈലിയിൽ തയ്‌യാർ ചെയ്ത ചോറും മസാലെദാർ ചോലെക്കറിയുമാണ്(ഒരു തരം കടലക്കറി) ഇദ്ദേഹത്തിന്റെ കടയിലെ സ്പെഷ്യൽ വിഭവം.
ഇതുവരെ 70 ലക്ഷം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്തു.
സിന്ധി റൈസിന് പുറമെ നാഗ്പുരിന്റെ തനത് വിഭവമായ താരി പോഹയും ഇയാൾ വിൽക്കുന്നുണ്ട്. സാധാരണ നല്ല എരിവുള്ള ഗ്രേവിയാണ് ഈ പോഹയ്ക്കൊപ്പം നൽകാറുള്ളത്. എന്നാൽ, ഇവിടെ മസാലദാർ കടലയാണ് നൽകുന്നത്. 15 വർഷത്തോളമായി നാഗ്പുരിലെ ജാരിപത്‌ക മേഖലയിൽ ഇയാൾ കച്ചവടം നടത്തി വരികയാണ്.
Content highlights: specially abled man sells sindhi style masalechole viral video