കൊച്ചി: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വഴിയുള്ള മദ്യക്കടത്ത് കേസിൽ പ്രതിയായ കസ്റ്റംസ് സൂപ്രണ്ട് ലൂക്ക് കെ ജോർജിനെതിരെ നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥർ. ലൂക്കിനെ അറസ്റ്റിനെ ചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ നീക്കം ഉന്നതതലത്തിൽ അട്ടിമറിക്കപ്പെട്ടതിന്റെ തെളിവുകൾ പുറത്ത്. ലൂക്ക് ഓഫീസിൽ എത്തിയാൽ പിടിച്ചു വെച്ച് അറിയിക്കണമെന്ന കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറിന്റെ കത്ത് മാതൃഭൂമി ന്യൂസിന് ലഭിച്ചു. സിബിഐ ഒന്നാം പ്രതിയാക്കിയിട്ടും ലൂക്ക് തിരുവനന്തപുരത്തെ ജി.എസ്.ടി വിഭാഗത്തിൽ ഇപ്പോഴും ജോലിയിൽ തുടരുകയാണ്.
കസ്റ്റംസ് കമ്മീഷണറായിരുന്ന, അടുത്തിടെ മുംബൈയിലേക്ക് സ്ഥലം മാറി പോയ സുമിത് കുമാറിന്റെ ഗുരുതര കണ്ടെത്തലുകളുള്ള കത്താണ് പുറത്തു വന്നത്. എട്ട് കോടി രൂപയുടെ മദ്യം കടത്തിയ കേസിൽ പ്രധാന പ്രതിയാണ് ലൂക്ക്. പല തവണ സമൻസ് നൽകിയിട്ടും അദ്ദേഹം ഹാജരായില്ല. ഈ സാഹചര്യത്തിൽ അദ്ദേഹം അവിടെ ജോയിൻ ചെയ്തതായി അറിയുന്നു. അവിടെ അദ്ദേഹം എത്തിയാൽ ഉടൻ തന്നെ അദ്ദേഹത്തെ പിടിച്ചു വെച്ച് തങ്ങളെ അറിയിക്കണമെന്നാണ് സുമിത് കുമാർ ഓഡിറ്റ് ചുമതലയുള്ള കമ്മീഷണർക്ക് നൽകിയിരിക്കുന്നത്. കത്ത് അയച്ചിട്ടും ലൂക്കിനെ അറസ്റ്റ് ചെയ്യാൻ കസ്റ്റംസിന് സാധിച്ചിട്ടില്ല.
2019ലാണ് കേസിനാസ്പദമായ സംഭവം. യാത്രക്കാരുടെ വ്യാജപ്പേരിൽ എട്ട് കോടി രൂപയുടെ മദ്യം ഡ്യൂട്ടി ഷോപ്പ് വഴി പുറത്തേക്ക് കടത്തിയെന്നാണ് സി.ബി.ഐ കണ്ടെത്തിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ആണ് സംഭവം ആദ്യം കണ്ടെത്തിയത്. ഇതിന് ശേഷമാണ് സി.ബി.ഐ കേസന്വേഷണം നടത്തിയത്. മദ്യം പുറത്തേക്ക് കടത്താനായി 15ൽപ്പരം എയർലൈൻ കമ്പനികളിൽ നിന്ന് യാത്രക്കാരുടെ പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചായിരുന്നു തട്ടിപ്പ്. കൈക്കുഞ്ഞുങ്ങളുടെ പാസ്പോർട്ട് വിവരങ്ങൾ ഉപയോഗിച്ചും മദ്യം കടത്തിയിരുന്നു. എയർലൈൻ കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ച് ഡ്യൂട്ടി ഫ്രീ കമ്പനിക്ക് നൽകിയത് ലൂക്ക് ആണെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്.
കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ ലൂക്ക് രണ്ട് വർഷത്തോളം ഒളിവിലായിരുന്നു. രണ്ട് വർഷത്തോളം ഒളിവിൽ കഴിഞ്ഞ ഉദ്യോഗസ്ഥൻ, സിബിഐ ഒന്നാംപ്രതിയാക്കിയ ഉദ്യോഗസ്ഥൻ, കസ്റ്റംസ് സമൻസ് അയച്ചിട്ടും ഹാജരാകാത്ത ഉദ്യോഗസ്ഥൻ ഇപ്പോഴും തിരുവനന്തപുരത്തെ ജി.എസ്.ടി. വിഭാഗത്തിൽ സുപ്രണ്ടായി കഴിയുന്നു എന്നത് ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഇദ്ദേഹത്തെ സംരക്ഷിക്കാനുള്ള പങ്ക് കൂടി പുറത്തു വരികയാണ്.
Content Highlights: Liquor smuggling at TVM airport