ഇന്ന് ധനുമാസത്തിലെ തിരുവാതിര. തിരുവാതിരയ്‍ക്ക് തയ്‌യാറാക്കുന്ന സ്പെഷ്യൽ വിഭവമാണ് തിരുവാതിരപ്പുഴുക്ക്. എന്നാൽ, തിരുവാതിരപ്പുഴുക്ക് കഴിക്കാൻ ഇഷ്ടമാണെങ്കിലും തയ്‌യാറാക്കുന്നതിലെ കഷ്ടപ്പാട് ഓർക്കുമ്പോൾ പലരും കൊതിയങ്ങ് മാറ്റിവെയ്‍ക്കും. എന്നാൽ, ഇത്തവണ പാരമ്പര്യത്തനിമയിൽ തയ്‌യാറാക്കിയ പുഴുക്ക് ചട്ടിയിൽ വാങ്ങിക്കൊണ്ടുപോകാൻ അവസരമുണ്ട് കോട്ടയം നഗരത്തിൽ.
കോട്ടയം തിരുനക്കര മഹാദേവക്ഷേത്രത്തിന്റെ തെക്കേനടയിൽ ശ്രീരംഗം ഓഡിറ്റോറിയത്തിന് സമീപം പാരമ്പര്യ ഉത്‌പന്നങ്ങൾ വിൽക്കുന്ന പൈതൃകം ട്രെഡീഷണൽ സെന്ററിന് നേതൃത്വം കൊടുക്കുന്നവരാണ് തിരുവാതിരപ്പുഴുക്ക് രുചിച്ചറിയാൻ വഴിതുറക്കുന്നത്.
കളിമൺ പാത്രത്തിലാണ് പുഴുക്ക് നൽകുന്നതെന്ന് പൈതൃകം പങ്കാളികളിലൊരാളായ കെ.പി.പ്രകാശ് പറയുന്നു.
പ്രകാശിനൊപ്പം കെ.എൻ.വിനോദ്, മനോജ് കുമാർ എന്നിവരുമുണ്ട്. നട്ടാശ്ശേരി എൻ.എസ്.എസ്. സ്വാശ്രയസംഘത്തിന്റെ സഹായത്തോടെയാണിത് തയ്‌യാറാക്കുന്നത്. വിവരങ്ങൾക്ക്: 9946682181.
പുഴുക്ക് തയ്‌യാറാക്കുന്നവിധം
ഡിസംബർ-ജനുവരി മാസം കിഴങ്ങുവിളകളുടെ കാലമായതിനാൽ തിരുവാതിരപ്പുഴുക്കിലെ മുഖ്യചേരുവയും ഇവയാണ്. കാച്ചിൽ, ചേന, ചേമ്പ്, കൂർക്ക, ഏത്തയ്‍ക്ക എന്നിവയാണ് പ്രധാനം. ഇവ കഷണങ്ങളാക്കി ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വേവിക്കും. വെന്തുകഴിയുമ്പോൾ വൻപയർ വേവിച്ചത് ചേർത്തിളക്കും. ഇതിലേക്ക് തേങ്ങ, ജീരകം, പച്ചമുളക് അല്ലെങ്കിൽ ചുവന്നമുളക് എന്നിവ ചേർത്തിളക്കി കുഴച്ച് പച്ചവെളിച്ചെണ്ണ തൂകി കറിവേപ്പില ചേർത്ത് തീകെടുത്തി അടച്ചുവെയ്‍ക്കുക. അല്പംകഴിഞ്ഞ് ഒന്നുകൂടി ഇളക്കുക. തിരുവാതിരപ്പുഴുക്ക് റെഡി.
Content Highlights: Thiruvathira special Puzhukku recipe