ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധാലുവായ നടിമാരിലൊരാളാണ് ശിൽപ ഷെട്ടി. യോഗ, സ്ട്രെങ്ത് ട്രെയിനിങ് എന്നിവയിലൂടെ ആരോഗ്യകാര്യങ്ങൾ നന്നായി ശ്രദ്ധിക്കാൻ അവർ ശ്രമിക്കാറുണ്ട്. ആരോഗ്യകാര്യത്തിലെന്നപോലെ ഭക്ഷണകാര്യത്തിലും ശ്രദ്ധ പുലർത്താൻ അവർ ശ്രമിക്കാറുണ്ട്. ഗ്ലൂട്ടൻ, ഷുഗർ ഫ്രീ ആയ, വീഗൻ ഭക്ഷണങ്ങളുടെ ചിത്രങ്ങൾ അവർ പതിവായി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവയ്ക്കാറുണ്ട്. ഭക്ഷണങ്ങളുടെ മാത്രമല്ല, മികച്ച ആരോഗ്യം സ്വന്തമാക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില ടിപ്സുകളും അവർ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞദിവസം അവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധേയമായത്.
ഭക്ഷണം നന്നായി ചവച്ച് അരച്ച് കഴിക്കണമെന്ന് പറയാറുണ്ട്. ദഹനപ്രക്രിയ എളുപ്പമാക്കുന്നതിനാണ് ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കണമെന്ന് പറയുന്നത്. അമേരിക്കൻ ജേണലായ ക്ലിനിക്കൽ ന്യൂട്രീഷന്റെ ക്വോട്ട് ആണ് ശിൽപാ കാ മന്ത്ര എന്ന പേരിൽ നടി പങ്കുവെച്ചത്. നന്നായി ചവച്ചരച്ച് ഭക്ഷണം കഴിക്കുന്നത് 12 ശതമാനം കുറവ് കലോറി കഴിക്കാൻ സഹായിക്കുമെന്ന് പോസ്റ്റിൽ പറയുന്നു.
ശരിയായി കഴിക്കൂ എന്നു പറയുന്നത് കൊണ്ട് ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കണമെന്നോ മിതമായ അളവിൽ കഴിക്കണമെന്നോ മാത്രമല്ല. എപ്പോൾ, എന്ത്, എങ്ങിനെ കഴിക്കുന്നു എന്നതും അതിൽ ഉൾപ്പെടുന്നു. ക്ഷമയോടെ ഓരോ ഭക്ഷണവും നന്നായി ചവച്ച് അരച്ച് കഴിക്കൂ. നന്നായി ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നത് ആമാശയത്തിലേക്കും ദഹനവ്യവസ്ഥയിലേക്കുമുള്ള രക്തചംക്രമണം വർധിപ്പിക്കും-ശിൽപ തന്റെ പോസ്റ്റിൽ വ്യക്തമാക്കി. നിങ്ങൾ കഴിക്കുന്നഭക്ഷണം നന്ദിയോടെ ആസ്വദിക്കൂ, നിങ്ങളുടെ ശരീരം തിരികെ നന്ദി പറയും. എന്താണോ നിങ്ങൾ അകത്തേക്ക് കഴിക്കുന്നത് അതായിരിക്കും നിങ്ങളുടെ പുറത്ത് പ്രതിഫലിക്കുക. നിങ്ങൾ എന്നു പറയുന്നത് എന്ത്, എങ്ങനെ കഴിക്കുന്നു എന്നതും കൂടിയാണ്-അവർ കൂട്ടിച്ചേർത്തു.
Content highlights: shilpa shetty recommend chewing more will help to less calorie food