കൊച്ചി > സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിന് വിജയത്തുടക്കം. ദക്ഷിണമേഖലാ യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപിനെ അഞ്ച് ഗോളിന് തകർത്തു. ബുധനാഴ്ച രാവിലെ കൊച്ചി നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിനായി നിജോ ഗില്ബര്ട്ട്, ജെസിന്, രാജേഷ് എസ്, അര്ജുന് ജയരാജ് എന്നിവരാണ് ഗോളുകൾ നേടിയത്. മത്സരത്തിന്റെ 36ാം മിനിറ്റിൽ ലക്ഷദീപിന്റെ തൻവീർ ഓൺഗോളും വഴങ്ങി. 26 ാം മിനിറ്റിൽ മുഹമ്മദ് സഫ്നാദിനെ വീഴ്ത്തിയതിന് ലക്ഷദ്വീപിന്റെ ഉബൈദുള്ള ചുവപ്പുകാര്ഡ് കണ്ട് പുറത്തായതോടെ 10 പേരുമായി ആയിരുന്നു സന്ദർശകരുടെ പിന്നീടുള്ള മത്സരം.
ആദ്യ നിമിഷം മുതൽ കേരളത്തിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു മത്സരം. നാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗിൽബർട്ടാണ് ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ 12 ാം മിനിറ്റിൽ ജെസിനിലൂടെ കേരളം ലീഡ് ഉയർത്തി.
36-ാം മിനിറ്റില് ഗോള്കീപ്പര് പന്ത് ക്ലിയര് ചെയ്യുന്നതിനിടെ അബദ്ധത്തില് ലക്ഷദ്വീപ് താരം തന്വീറിന്റെ കാലില് തട്ടി ഗോളായതോടെ കേരളത്തിന്റെ ലീഡ് മൂന്നായി. 82ാം മിനിറ്റിൽ പകരക്കാരനായി എത്തിയ രാജേഷിന്റെ വകയായിരുന്നു നാലാം ഗോൾ. പിന്നാലെ അവസാന മിനിറ്റിൽ അർജുൻ ജയരാജ് നേടിയ ഗോളോടെ കേരളം പട്ടിക പൂർത്തിയാക്കി.
പുതുച്ചേരിയും ആൻഡമാനും ഉൾപ്പെട്ട ബി ഗ്രൂപ്പിൽ നിന്ന് പ്രാഥമികഘട്ടത്തിൽ ഒന്നാമൻമാരായി ഫൈനൽ റൗണ്ടിലേക്ക് മുന്നേറുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യം. ഫെബ്രുവരിയിൽ മലപ്പുറം മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഫൈനൽ റൗണ്ട്.