പെരിന്തൽമണ്ണ: അനുദിനം മാറുന്ന രുചിലോകത്ത് രണ്ട് ‘പൊളി’ വിഭവങ്ങളുമായി 105 വർഷം പിന്നിടുകയാണ് പെരിന്തൽമണ്ണയിലെ മേലാത്ര ടീസ്റ്റാൾ. പാരമ്പര്യത്തനിമ ചോരാത്ത ഈ വിഭവങ്ങൾക്കായി മറുനാട്ടിൽനിന്നടക്കം ഭക്ഷണപ്രിയർ ഇവിടെയെത്തുന്നു.
മുളന്തണ്ടിൽ ചകിരിക്കയർ ചുറ്റിവരിഞ്ഞ കുറ്റിയിലുണ്ടാക്കുന്ന പുട്ടും നാടൻ മട്ടൻ കറിയുമാണ് മേലാത്ര സ്പെഷ്യൽ. നാലുപേർക്കിരിക്കാവുന്ന മുറിയിൽ 1916-ൽ മേലാത്ര ഉണ്ണാമൻ(ആപ്പ) തുടങ്ങിയതാണ് പുട്ടും മട്ടൻകറിയുമായി ഈ ഹോട്ടൽ. സീറ്റു കിട്ടാതെ വരിനിന്ന കാലവും പെരിന്തൽമണ്ണയിലെ പഴയതലമുറയുടെ ഓർമകളിലുണ്ട്.
മേലാത്ര ഉണ്ണാമൻ പെരിന്തൽമണ്ണ ട്രാഫിക് ജങ്ഷനിൽ കോഴിക്കോട് റോഡിലേക്ക് തിരിയുന്നിടത്താണ് കട തുടങ്ങിയത്. ഇപ്പോഴുള്ള കടയുടെ എതിർവശത്ത്. ഉണ്ണാമന്റെ മക്കളായ വാസുദേവൻ, ഗോപാലൻ, രാമൻ, ഭാസ്കരൻ, ശ്രീധരൻ, വിജയൻ എന്നിവരും കടയുടെ കാര്യങ്ങളിലേക്കെത്തി. എല്ലാവരും മാറിമാറി ചുമതലകൾ വഹിച്ചു. ഇപ്പോൾ ഭാസ്കരനും ശ്രീധരനുമൊപ്പം, പരേതരായ വാസുദേവന്റെയും ഗോപാലന്റെയും മക്കളായ ജ്യോതിനാഥ്, പ്രകാശൻ, അശോകൻ എന്നിവരുമാണ് കട നോക്കി നടത്തുന്നത്. പഴയ കെട്ടിടം പൊളിച്ചതോടെ 15 വർഷം മുൻപ് ഇപ്പോളത്തെ ഒറ്റമുറിക്കടയിലേക്ക് മാറ്റി.
പാകം ചെയ്‌യാനുള്ള ആടിനെ നേരിട്ടുകണ്ടു ബോധ്യപ്പെട്ടുമാത്രമേ ഇറച്ചിയാക്കി കടയിലേക്കു കൊണ്ടുവരൂ. പെരിന്തൽമണ്ണ മാർക്കറ്റിൽ നിന്നാണ് വാങ്ങുന്നത്. ആറുമുതൽ എട്ടുകിലോഗ്രാംവരെ ദിവസം പാകം ചെയ്‌യും. സാധാരണ മസാല തന്നെയാണ് കറിക്കുപയോഗിക്കുന്നത്. ഇത് മൺകലത്തിലാണ് വറുത്തെടുക്കുന്നത്. പാരമ്പര്യമായി കിട്ടിയ രീതിയിലാണ് പാചകം. കുറുന്നനെയുള്ളതാകും കറി. മുളയുടെ കുറ്റിയിൽ പുട്ടുണ്ടാക്കുന്നത് രുചിയേറെ നൽകുമെന്ന് ഭാസ്കരൻ പറയുന്നു.
രാവിലെ അഞ്ചുമണിയോടെ പാചകം തുടങ്ങും. ഒൻപതോടെ കറി തയ്‌യാറാകും. ആവശ്യക്കാരെത്തുന്നതനുസരിച്ച് പുട്ടുണ്ടാക്കും. ഉച്ചയോടെ മട്ടൻകറി തീരാറുണ്ട്. മറ്റു വിഭവങ്ങളുമുണ്ടെങ്കിലും പുട്ടിനും മട്ടൻകറിക്കുമാണ് ഡിമാൻഡ്. പെൻഷൻ വാങ്ങാനെത്തി പുട്ടും മട്ടൻകറിയും കഴിച്ചുമടങ്ങുന്ന ചില സ്പെഷ്യൽ ആരാധകരും മേലാത്രയ്‍ക്കുണ്ട്.
Content Highlights: puttu mattan curry, melathra tea stall, malabar food, malabar food news