വ്യത്യസ്തമായ പരീക്ഷണങ്ങൾ നടക്കുന്ന ഇടമാണ് സോഷ്യൽ മീഡിയ. ഈ പരീക്ഷണം ഭക്ഷണത്തിലാകാം, ഫാഷനിലാകാം, ഡാൻസിലാകാം, പാട്ടിലാകാം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്റർനെറ്റിൽ ശ്രദ്ധ നേടുകയാണ് നോകുസോതാ എന്ന യുവതി. പ്രമുഖ ഭക്ഷണ ബ്രാൻഡായ കെ.എഫ്.സി.യുടെ ബക്കറ്റ് പിടിച്ചും വിടർന്നു നിൽക്കുന്ന വസ്ത്രമണിഞ്ഞും നിൽക്കുന്ന ചിത്രമാണ് അവർ ട്വീറ്റ് ചെയ്തത്. സൂക്ഷിച്ചുനോക്കിയാൽ മനസ്സിലാകും അവർ ധരിച്ച വസ്ത്രം കെ.എഫ്.സി.യുടെ ഉപയോഗിച്ച പാക്കറ്റുകൾ പുനഃരുപയോഗിച്ചശേഷം നിർമിച്ചതാണെന്ന്.
ഫാഷൻ ബ്ലോഗർ കൂടിയായ നോകുസോതാ, താൻ കെ.എഫ്.സി.യുടെ എത്രമാത്രം ഫാൻ ആണെന്ന് അവരെ അറിയിക്കുന്നതിനാണ് ഇങ്ങനൊരു വസ്ത്രം ഡിസൈൻ ചെയ്തതെന്നതെന്ന് ചിത്രത്തിന്റെ ക്യാപ്ഷനിൽ വ്യക്തമാക്കി. ചിത്രം വളരെ പെട്ടെന്നാണ് വൈറലായത്.13,000-ൽ പരം ലൈക്കുകളും 1655 റീട്വീറ്റുകളും ട്വീറ്റിന് ലഭിച്ചു.
നോകുസോതായുടെ പരിശ്രമത്തെ അഭിനന്ദിച്ചുകൊണ്ട് കെ.എഫ്.സി. സൗത്ത് ആഫ്രിക്കയും ഫോട്ടോയ്ക്ക് കമന്റുമായി എത്തി. വസ്ത്രത്തിൽ നോകുസോതാ മനോഹരിയായിട്ടുണ്ടെന്ന് അവർ ട്വീറ്റു ചെയ്തു.
എന്തൊരു ക്രിയേറ്റിവിറ്റി, അപാര ഫാഷൻ സെൻസ് തുടങ്ങി നോകുസോതയുടെ ചിത്രത്തിനു കീഴെ അഭിനന്ദന പ്രവാഹമാണ്. നോകുസോതയെ കെ.എഫ്.സി.യുടെ അംബാസഡർ ആക്കണമെന്നും അത്രയ്ക്ക് ക്രിയാത്മകമായാണ് അവർ വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നതെന്നും ഒരാൾ കമന്റ് ചെയ്തു.
കെ.എഫ്.സി.യെ നിങ്ങൾ എത്ര ആഴത്തിൽ സ്നേഹിക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.