കൊച്ചി: കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മരണപ്പെട്ട അഞ്ജനയുടെ കുടുംബം. ഹോട്ടലിൽനിന്ന് ഇറങ്ങുന്നതുവരെ അഞ്ജനയ്ക്ക് യാതൊരു പ്രശ്നങ്ങളുമില്ലായിരുന്നു. എന്നാൽ യാത്രാമധ്യേ കുണ്ടന്നൂർ ജംഗ്ഷനിൽ വെച്ച് എന്തോ സംഭവിച്ചു. ഇതെന്താണെന്ന് കണ്ടെത്തണമെന്നും അഞ്ജനയുടെ സഹോദരൻ അർജുൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
സഹോദരി പൂർണ സന്തോഷവതിയാണെന്ന് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. വളരെ സന്തോഷമായിട്ടാണ് ഹോട്ടലിൽ നിന്ന് ഇറങ്ങിയത്. യാതൊരു ടെൻഷനും അവളുടെ മുഖത്തില്ലായിരുന്നു. എന്നാൽ കുണ്ടന്നൂർ ജംഗ്ഷനിൽ എന്തോ സംഭവിച്ചു. കാർ നിർത്തി സംസാരിക്കുന്നതെല്ലാം ദൃശ്യങ്ങളിലുണ്ടെന്നും അർജുൻ പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് അജ്ഞനയുടെ കുടുംബം എറണാകുളം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി.
നേരത്തെയും അഞ്ജനയ്ക്ക് ഭീഷണികളൊന്നും ഉണ്ടായിരുന്നില്ല. ഔഡി കാർ പിന്തുടർന്നതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ ഔഡി കാർ ഓടിച്ച സൈജുവിന്റെയും ഹോട്ടൽ ഉടമയായ റോയിയുടെയും പങ്ക് വിശദമായി അന്വേഷിക്കണം. സൈജു ആരുടെ നിർദേശപ്രകാരമാണ് അവിടെയെത്തിയതെന്നും ആർക്കാണ് ഫോൺ ചെയ്തതെന്നും കണ്ടെത്തണം. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണത്തിനായാണ് കമ്മീഷണർക്ക് പരാതി നൽകിയതെന്നും അർജുൻ പറഞ്ഞു.
കേസിൽ നിലവിലെ പോലീസ് അന്വേഷണം തൃപ്തികരമാണ്. എന്നാൽ ചില സംശയങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്മീഷണർക്ക് പരാതി നൽകിയത്. കേസിൽ സൈജുവിനും റോയിക്കുമെതിരേ നിലവിൽ പരാതികളൊന്നുമില്ല. തെളിവ് നശിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. എന്നാൽ സിസിടിവി ദൃശ്യങ്ങൾ കണ്ടപ്പോഴുണ്ടായ സംശയത്താലാണ് ഇവർക്കെതിരേയ പരാതി നൽകണമെന്ന് തോന്നിയെന്നും അർജുൻ പറഞ്ഞു.
content highlights:models death case, Anjanas family wants detailed investigation