ഭക്ഷണം അധികം കഴിച്ചതിന് ഫുഡ് വ്ളോഗർക്ക് വിലക്കേർപ്പെടുത്തി ചൈനയിലെ സീഫുഡ് റെസ്റ്ററന്റ്.
കാങ് എന്നറിയപ്പെടുന്ന ഫുഡ് വ്ളോഗർക്കാണ് വിലക്ക്. റെസ്റ്ററന്റ് ആദ്യമായി സന്ദർശിച്ചപ്പോൾ കാങ് അവിടെനിന്ന് ഒന്നര കിലോ ഗ്രാം പന്നിയിറച്ചികൊണ്ടുള്ള വിഭവം കഴിച്ചു. അടുത്തതവണ എത്തിയപ്പോഴാകട്ടെ മൂന്നര കിലോഗ്രാമിനു മുകളിൽ കൊഞ്ചു കൊണ്ടുള്ള വിഭവം കഴിച്ചു.
കൂടുതൽ ഭക്ഷണം കഴിക്കുന്ന ആളുകളോട് റെസ്റ്ററന്റ് വേർതിരിവ് കാണിക്കുകയാണെന്ന് കാങ് ആരോപിച്ചു. എനിക്ക് ഒരുപാട് ഭക്ഷണം കഴിക്കാൻ കഴിയും. അത് തെറ്റാണോ-കാങ് ചോദിച്ചു. ഒരു നുള്ള് ഭക്ഷണം പോലും താൻ പാഴാക്കി കളഞ്ഞില്ലെന്നും കാങ് കൂട്ടിച്ചേർത്തു.
എന്നാൽ, കാങ് തന്റെ കീശ കാലിയാക്കിയതായി റെസ്റ്ററന്റ് ഉടമ വിശദീകരിച്ചു. ഓരോ തവണ കാങ് ഇവിടെ വരുമ്പോഴും എന്റെ കയ്‌യിലെ യുവാൻ നഷ്ടപ്പെടുന്നു. സോയ പാൽ ആണ് കുടിക്കുന്നതെങ്കിൽ 20 മുതൽ 30 കുപ്പിവരെ അകത്താക്കും. പന്നിയിറച്ചികൊണ്ടുള്ള വിഭവമാമെങ്കിൽ ട്രേയിലുള്ളത് മുഴുവൻ കഴിക്കും. സാധാരണഗതിയിൽ ആളുകൾ ടോങ്സ് ഉപയോഗിച്ചാണ് അത് കഴിക്കുക. കാങ്ങാകട്ടെ ട്രേ മുഴുവനായുമാണ് എടുക്കുക-ഹോട്ടലുടമ വ്യക്തമാക്കി. തന്റെ റെസ്റ്ററന്റിൽ നിന്ന് ലൈവായി വ്ളോഗിങ് പോലുള്ള പരിപാടികൾ അവതരിപ്പിക്കാൻ ഇനി ആരെയും അനുവദിക്കുകയില്ലെന്ന് ഹോട്ടലുടമ അറിയിച്ചു.
അധികം ഭക്ഷണം കഴിച്ചതിന് വ്ളോഗറെ വിലക്കിയ വാർത്തയ്‍ക്ക് ചൈനയിൽ വലിയ പ്രചാരമാണ് ലഭിച്ചത്. വാർത്തയോട് സമ്മിശ്ര പ്രതികരണമാണ് ആളുകൾ അറിയിച്ചത്. ചിലർ ഹോട്ടലുടമയോട് അനുഭവം പ്രകടിപ്പിച്ചപ്പോൾ മറ്റുചിലരാകട്ടെ വ്ളോഗറെ കുറ്റപ്പെടുത്തി.
കഴിഞ്ഞ വർഷം ഫുഡ് വ്ളോഗർമാർക്ക് വിലക്കേർപ്പെടുത്തി ചൈനീസ് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഭക്ഷണം പാഴാക്കുന്നത് തടയുക ലക്ഷ്യമിട്ടായിരുന്നു അത്.
Content highlights: chinese food vloger man banned, a seafoof resturant, eating too much