നല്ല വലുപ്പമുള്ള അടുക്കളയായിരുന്നു ഞങ്ങളുടേത്. ഒരു ഭാഗത്ത് മൂന്ന് വിറകടുപ്പുകളും. പുലർച്ചെ അഞ്ചു മണി തൊട്ട് ഉച്ച വരെ എരിയുന്ന വിറകടുപ്പുകൾ. ഉച്ച തിരിഞ്ഞും അണയാതെ കിടക്കുന്ന കനലുകളായിരുന്നു വിറകടുപ്പുകൾ തന്നിരുന്ന ഒരു മെച്ചം. വൈകീട്ടത്തേക്കുള്ള എത്തപ്പഴമോ മധുരക്കിഴങ്ങോ ഒക്കെ ചുട്ടെടുക്കൽ പരിപാടി അതിലായിരുന്നു. വെണ്ണീറിൽ പുതഞ്ഞു, ചുട്ട് വെന്തു വന്ന കിഴങ്ങിന്റെയും പഴത്തിന്റെയും രുചി അതിന്റെ മനം മയക്കും മണത്തിലായിരുന്നു. ഇടയ്ക്ക് കരിഞ്ഞാൽ പോലും അതിനൊരു രുചി ആയിരുന്നു.
ഇത് വൈകിട്ടത്തേക്കുള്ള പലഹാരങ്ങൾ എന്ന ഗണത്തിലായിരുന്നുവെങ്കിൽ, ഉച്ചയ്ക്ക് ചോറിനുള്ള കൂട്ടാനായി ഈ കനലിന്റെയും വെണ്ണീറിന്റെയും മണവും പേറി വരുന്ന ഒരു കിടിലൻ ഐറ്റം ഉണ്ടായിരുന്നു. ” കത്തിരിക്ക ഗൊജ്ജു “- കനലിൽ ചുട്ട കത്തിരിക്ക ഉടച്ചു കൈ കൊണ്ട് നന്നായി ഞെരടി എടുക്കുന്ന ഒരു വിഭവം.
എരിവും പുളിയും ഒരുമിച്ചു കത്തിരിക്കയുടെ ലെവൽ മാറ്റും. മെമ്പൊടിയായി ആ ചുട്ടെടുക്കുന്ന മണവും. ശ്രദ്ധിക്കേണ്ട കാര്യം ഒന്നു മാത്രം, പുഴുക്കുത്തില്ലാത്ത നല്ല ഫ്രഷ് ആയ കത്തിരിക്ക മാത്രം ഗൊജ്ജു ഉണ്ടാക്കാനെടുക്കണം. കത്തിരിക്കയിൽ ഒരു സ്പൂൺ വെളിച്ചെണ്ണ തടവി വേണം ചുട്ടെടുക്കാൻ.
വിറകടുപ്പില്ലാത്തവർക്ക് ഗ്യാസ് അടുപ്പിൽ നേരിട്ട് തീയിൽ പിടിച്ചും ചുട്ടെടുക്കാം. കനലിൽ ആണെങ്കിൽ കത്തിരിക്ക കത്തിയെരിഞ്ഞ കനലും ചൂട് ചാമ്പലും മീതെയിട്ടു മൂടി ഒരു ഇരുപത് മിനിറ്റുകൾ വെയ്ക്കണം. ഇനി പാചക വിധിയിലേക്ക്.
ചേരുവകൾ
- നല്ല ഫ്രഷും പുഴുക്കുത്തുമില്ലാത്ത മുഴുത്ത കത്തിരിക്ക – ഒരെണ്ണം
- പച്ചമുളക് വട്ടത്തിൽ അരിഞ്ഞത് – 3- 4 എണ്ണം
- വറ്റൽ മുളക് അല്പം എണ്ണയിൽ വറുത്തെടുത്തത്- 6-8 എണ്ണം
- വാളൻ പുളി – ഒരു വലിയ നെല്ലിക്ക വലുപ്പത്തിൽ
- കായപൊടി – 1 ടീസ്പൂൺ
- വെളിച്ചെണ്ണ -1-2 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
കത്തിരിക്കയുടെ പുറം ഭാഗത്ത് അല്പം എണ്ണ തടവി തീയിൽ വെച്ച് ചുട്ടെടുക്കുക. തീ കൂട്ടിയും കുറച്ചും അകം ഭാഗം നന്നായി വെന്തു വരുന്നതു വരെ ചുട്ടെടുക്കണം. ഏകദേശം 10- 15 മിനിറ്റുകൾക്കുള്ളിൽ സാധാരണ പാകമായി വരാറുണ്ട്. ഒരു ഫോർക് കൊണ്ട് കുത്തി നോക്കി പാകമായൊന്ന് പരിശോധിക്കാവുന്നതാണ് . (കനലിൽ ചുട്ടെടുക്കാനുള്ള സൗകര്യമുള്ളവർക്ക് അങ്ങനെ ചെയ്യാം . )
ചുട്ടെടുത്ത കത്തിരിക്ക ചൂടാറിയതിനു ശേഷം പതുക്കെ പുറം തൊലി നീക്കം ചെയ്യാം. ഒരു സ്പൂൺ ഉപയോഗിച്ച് പതുക്കെ വളരെ എളുപ്പത്തിൽ നീക്കി മാറ്റാവുന്നതാണ്. അകത്തെ മാംസളമായ ഭാഗം ഫോർക് കൊണ്ട് തന്നെ നന്നായി ഉടയ്ക്കുക. ഇനി ഒരു പാത്രത്തിൽ പുളി വെള്ളത്തിൽ പച്ചമുളകും വറുത്ത വറ്റൽമുളകും ചേർത്ത് അടിവശം കനമുള്ള ഒരു ഗ്ലാസ് കൊണ്ടോ മറ്റോ നന്നായി ഞെരടി ഉടയ്ക്കുക. ഇതിലേക്ക് കത്തിരിക്കയും കായപ്പൊടിയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്യുക. അര കപ്പ് വെള്ളവും ചേർത്ത് അധികം കട്ടിയില്ലാതെ അല്പം നേർപ്പിച്ചെടുക്കാം.
ഇനി ഉപ്പും എരിവും പുളിയുമൊക്കെ നോക്കി മീതെ വെളിച്ചെണ്ണ ഒഴിക്കുക. കത്തിരിക്ക ഗൊജ്ജു തയ്യാർ … !!
ശ്രദ്ധിക്കേണ്ടത്
നീളൻ പച്ച വഴുതന വെച്ച് ഇത് ചെയ്യാറില്ല. ഉരുണ്ട ഷേപ്പിലുള്ള ഏതു കത്തിരിക്ക വെച്ചും ഉണ്ടാക്കാവുന്നതാണ് .
ഇത്തിരി കരിഞ്ഞ തൊലിയുടെ അംശമൊക്കെ ഇതിൽ ചേർക്കാവുന്നതാണ്. അതിനൊരു പ്രത്യേക സ്വാദാണ്.
ചുട്ടെടുക്കുന്നതിനു പകരം വെള്ളത്തിൽ വേവിച്ചും ചിലർ ഉണ്ടാക്കാറുണ്ട്. പക്ഷെ ചുട്ടെടുത്ത മണം തന്നെയാണ് ഈ വിഭവത്തിന്റെ ഹൈലൈറ്റ് .
Content Highlights: kathirikai gothsu, gojju recipe, konkani recipes, konkani recipes videos, easy recipes malayalam, easy recipes malayalam videos