ലോകമെമ്പാടുമുള്ള ഭക്ഷണപ്രേമികളുടെ ഇഷ്ട ഇടമാണ് ഇന്ത്യ. വൈവിധ്യങ്ങൾ നിറഞ്ഞ ഒട്ടേറെ വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. രാജ്യത്തെ ഓരോ സംസ്ഥാനത്തും അതിന്റേതായ തനത് രുചിക്കൂട്ടുകളും വിഭവങ്ങളും ഉണ്ട്. ഇന്ത്യൻ ശൈലിയിൽ മസാല ചായ ഉണ്ടാക്കിയ വോളിവുഡ് അഭിനേത്രിയും പാട്ടുകാരിയുമായ സെലീന ഗോമസിന്റെ വീഡിയോ ആണ് ഇന്ത്യക്കാർ ഏറ്റെടുത്തിരിക്കുന്നത്.
ഇന്ത്യൻ വംശജയും എഴുത്തുകാരിയും മോഡലും പാചകവിദഗ്ധയുമായ പദ്മ ലക്ഷ്മിയുടെ നിർദേശപ്രകാരമാണ് സെലീന മസാല ചായ ഉണ്ടാക്കുന്നത്. സെലീന ഗോമസിന്റെ യൂട്യൂബ് ഫാൻ പേജായ സെലേനേറ്റേവ്സ് ഫോർ ഗോമെസിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പത്ത് ലക്ഷത്തിലധികം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. പ്രമുഖ ഷെഫുകളുമായി ചേർന്ന് സെലീന പാചകം ചെയ്യുന്ന സെലീന+ഷെഫ് എന്ന ടെലിവിഷൻ ഷോയിൽ നിന്നുള്ള ഭാഗമാണ് യൂട്യൂബിൽ ദൃശ്യങ്ങൾ അപ്ലോഡ് ചെയ്തിരിക്കുന്നത്.
മസാല ചായ കൂടാതെ സെലീന തയ്യാറാക്കിയ ചോറും കൊഞ്ചുകറിയും വീഡിയോയിൽ കാണാൻ കഴിയും. വെള്ളം തിളപ്പിക്കുന്നത് മുതൽ ചായപ്പൊടിയും മസാല ചായയുടെ കൂട്ടായ ഇഞ്ചി, ഏലക്ക, ഗ്രാംപൂ എന്നിവയും അവസാനം പാലും പദ്മ ലക്ഷ്മിയുടെ നിർദേശപ്രകാരം സെലീന ചേർക്കുന്നത് കാണാൻ കഴിയും.
മസാല ചായ ഉണ്ടാക്കി കഴിഞ്ഞ് ചോറും കൊഞ്ച് കറിയും ഇന്ത്യൻ ശൈലിയിൽ കൈ കൊണ്ട് കഴിക്കാൻ പദ്മ ലക്ഷ്മി സെലീനയെ പഠിപ്പിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം, പദ്മ ലക്ഷ്മിയുടെ മസാല ചായയേക്കാൾ സെലീനയുടെ ചായയ്ക്കാണ് ഇന്ത്യൻ ലുക്ക് കൂടുതലെന്നും അസ്സൽ ചായയെന്നുമൊക്കെയാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
Content highlights: selena gomez makes masala tea, with help of padma lakshmi