വിശപ്പ് അറിഞ്ഞനേ വിശക്കുന്നവന്റെ വേദന അറിയൂ എന്ന് പറയാറുണ്ട്. വിശക്കുന്നവന് അന്നമൂട്ടിയ അനേകം സംഭവങ്ങൾ നമ്മൾ ദിനം പ്രതി കേൾക്കാറുണ്ട്. മനുഷ്യത്വത്തിന്റെ ഉദാത്തമായ മാതൃകയായാണ് അവരെ നമ്മൾ വിലയിരുത്തുക. അത്തരമൊരു ഹൃദയകാരിയായ വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.
യു.കെ. സ്വദേശിയായ ലിവ് ഹാർലാൻഡ് എന്ന ഗായികയുടേതാണ് വീഡിയോ. തെരുവിൽ പാട്ടുപാടുന്നതിനിടെയാണ് അവിടെ സൂക്ഷിച്ചിരുന്ന മാലിന്യക്കുട്ടയിൽ നിന്ന് ചിക്കൻ നഗ്ഗറ്റ്സ് പെറുക്കികഴിക്കാൻ നോക്കുന്ന ആളെ ലിവിന്റെ ശ്രദ്ധയിൽപ്പെട്ടത്. അപ്പോൾതന്നെ പാട്ടു നിർത്തി തന്റെ പണപ്പെട്ടിയിൽ നിന്ന് പണമെടുത്ത് ഗായിക അയാൾക്കു കൈമാറുകയും ഭക്ഷണം മേടിച്ച് കഴിക്കാൻ നിർദേശിക്കുകയും ചെയ്തു.
അയാൾക്ക് പണം കൈമാറി ഒന്നും സംഭവിക്കാത്ത മട്ടിൽ ആലാപം തുടർന്ന ഗായികയുടെ പണപ്പെട്ടിയിലേക്ക് ഉടൻതന്നെ മറ്റൊരാൾ പണം ഇടുന്നതാണ് അടുത്ത ദൃശ്യങ്ങളിൽ കാണാൻ കഴിയുന്നത്. കൊടുത്തതിന്റെ ഇരട്ടി തനിക്ക് കിട്ടിയെന്ന് വീഡിയോയിൽ ഗായിക പറയുന്നു.
തെരുവിൽ പാട്ടുപാടുന്നതിന്റെ വീഡിയോ എടുക്കുന്നതിനിടെയാണ് ലക്ഷക്കണക്കിന് ആളുകളുടെ മനംകവർന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്. കർമ്മമാണ് ഏറ്റവും വലിയ കാര്യം. എപ്പോഴും ദയയുള്ളവരായിരിക്കുക അത് തിരികെ വരും എന്ന ക്യാപ്ഷനോടെ ലിവ് തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.
ഒരുലക്ഷത്തിൽ അധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 13,015 പേര് വീഡിയോ ലൈക്ക് ചെയ്തു. സത്പ്രവർത്തിയുടെ പേരിൽ ലിവ് ഒട്ടേറെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി.
Content highlights: singer helps starving man what happened next