കൊച്ചി: കുർബാനയർപ്പണ ഏകീകരണ വിഷയത്തിൽ വൈദികരുടെ നിവേദനം സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കൂരിയ ചാൻസിലർ സ്വീകരിച്ചു. പ്രതിഷേധത്തെ തുടർന്ന് സഭാ ആസ്ഥാനത്തേക്ക് പ്രവേശിക്കാൻ കഴിയാതെ വന്നതിനാൽ ഗേറ്റിലൂടെയാണ് വൈദികർ ആർച്ച് ബിഷപ്പിന് നിവേദനം കൈമാറിയത്. പാലക്കാട്, താമരശ്ശേരി, തൃശൂർ, ഇരിങ്ങാലക്കുട, എറണാകുളം – അങ്കമാലി അതിരൂപതകളിലെ പ്രതിനിധികളായ അഞ്ചു വൈദിക പ്രതിനിധികളാണ് ആർച്ച് ബിഷപ്പിന് നിവേദനം കൈമാറിയത്.
സിറോ മലബാർ സഭയിലെ കുർബാനയർപ്പണരീതി ഏകീകരിക്കുന്നതിനെതിരേ ജനാഭിമുഖ കുർബാനയർപ്പിക്കുന്ന രൂപതകളിലെ വൈദികർ പ്രാർഥനായജ്ഞ പ്രതിഷേധവുമായി സഭാ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് എത്തുകയായിരുന്നു. എന്നാൽ കുർബാനയർപ്പണ ഏകീകരണത്തെ അനുകൂലിക്കുന്നവരുടെ നേതൃത്വത്തിൽ വൈദികരെ തടഞ്ഞതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ ഉണ്ടാകാതിരിക്കാൻ പോലീസ് നിർദേശിച്ചതിനെ തുടർന്നാണ് ഇത്തരത്തിൽ ഗേറ്റിലൂടെ നിവേദനം കൈമാറേണ്ട സാഹചര്യം വന്നത്.
ജനാഭിമുഖ കുർബാന തുടരണമെന്ന് ആവശ്യപ്പെട്ടും നിലവിലുള്ള സിനഡ് തീരുമാനത്തെ എതിർത്തുകൊണ്ടുള്ളവരുമാണ് പ്രതിഷേധവുമായി എത്തിയത്. കുർബാന ഏകീകരണവുമായി ബന്ധപ്പെട്ട സിനഡ് തീരുമാനങ്ങളോട് തങ്ങൾക്ക് അനുകൂലിക്കാൻ കഴിയില്ലെന്ന് നേരത്തെ തന്നെ ഒരു വിഭാഗം വ്യക്തമാക്കിയിരുന്നു. എന്നാൽ അതിരൂപത സംരക്ഷണ സമിതിയംഗങ്ങൾ ആസ്ഥാനത്ത് നിലയുറപ്പിച്ചതിനാൽ വൈദികർക്ക് അകത്തേക്ക് പ്രവേശിക്കാൻ കഴിഞ്ഞില്ല. ജനാഭിമുഖമായി കുർബാന നടത്തണമെന്ന് ആവശ്യപ്പെട്ട വൈദികരെയടക്കമുള്ളവരെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വിശ്വാസികളായ ഒരുകൂട്ടം ആൾക്കാർ സഭാ ആസ്ഥാനത്തിന് മുന്നിൽ നിലയുറപ്പിച്ചിരുന്നത്. ഇവർ ഈ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നിലയുറപ്പിക്കുകയാണ്. ഇരുവിഭാഗങ്ങളും സഭാ ആസ്ഥാനത്തിന് മുന്നിൽ നിന്ന് പ്രാർഥനാഗാനങ്ങൾ ആലോപിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. ഇതിനിടെ ഇരുകൂട്ടരും തമ്മിൽ ചെറിയ തോതിൽ വാക്കുതർക്കം ഉടലെടുത്തിരുന്നു. തുടർന്ന് പോലീസ് ഇടപ്പെട്ടാണ് രംഗം ശാന്തമാക്കിയത്.
നവംബർ 28 മുതലാണ് കുർബാന ഏകീകരണം നടപ്പിലാക്കുന്നത്. ജനാഭിമുഖ കുർബാന വേണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് ഒരു വിഭാഗം മാർപ്പാപ്പക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമുണ്ടായില്ല. സിനഡിലോ മറ്റെവിടെയെങ്കിലുമോ ചർച്ചചെയ്യാത്ത ഏകീകരണം അടിച്ചേൽപ്പിക്കാൻ മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ച് കത്ത് സംഘടിപ്പിച്ചെന്നും വൈദികർ ആരോപിക്കുന്നു. മെത്രാൻമാർ സ്വന്തംതീരുമാനം അറിയിക്കാൻ സാധ്യതയുള്ളതുകൊണ്ടുകൂടിയാണു പ്രാർഥനായജ്ഞം നടത്തുന്നതെന്നും വൈദികർ പറയുന്നു.
Content Highlights: syro Malabar church – priest protest