കണ്ണൂർ: പച്ചക്കറിയിലെ വിഷാംശം ഒഴിവാക്കി ഭക്ഷ്യയോഗ്യമാക്കുന്നതിന് വാളൻപുളി ഏറെ ഫലപ്രദമാണെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുണ്ടെന്ന് ദേശീയ ആരോഗ്യ ദൗത്യം ഡയറക്ടർ ഡോ. രത്തൻ കേൽക്കർ പറഞ്ഞു.
ഒരു നെല്ലിക്ക വലുപ്പത്തിൽ വാളൻപുളിയെടുത്ത് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിവച്ചശേഷം അതിൽ 30-മിനുട്ട് നേരം പച്ചക്കറികൾ ഇട്ട് കഴുകിയെടുത്താൽ വിഷസാന്നിധ്യം ഒഴിവാക്കാം.
സ്തനാർബുദ ബോധവത്കരണ പരിപാടിയായ മാതൃസുരക്ഷയുടെ ഭാഗമായി കാൻസർ പ്രതിരോധത്തിനും ആരോഗ്യപരിപാലനത്തിനും ഭക്ഷ്യസുരക്ഷ എന്ന വെബിനാർ ഓൺലൈനിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കാൻസർ പ്രതിരോധത്തിന് ആരോഗ്യകരമായ ഭക്ഷണശീലം അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കാർഷിക സർവകലാശാലയിലെ അനലറ്റിക്കൽ ലാബ് ചുമതലയുള്ള അസിസ്റ്റന്റ് പ്രൊഫസർ ഡോ. അമ്പിളി പോൾ, ഡോ. എച്ച്.ഹേംലാൽ എന്നിവർ ക്ലാസെടുത്തു. മലബാർ കാൻസർ കെയർ സൊസൈറ്റി പ്രസിഡന്റ് ഡി.കൃഷ്ണനാഥ പൈ അധ്യക്ഷതവഹിച്ചു.
ഡോ. വി.സി.രവീന്ദ്രൻ, ഡോ. സുചിത്ര സുധീർ, ടി.എം.ദിലീപ് കുമാർ, ഡോ. ബി.വി.ഭട്ട്, മേജർ ഗോവിന്ദൻ, സെക്രട്ടറി ടി.പി.മധുസൂദനൻ, കെ.എൻ.പുഷ്പലത, പ്രൊഫ. നസീമ എന്നിവർ സംസാരിച്ചു.