ഇനി ഉത്സവങ്ങളുടെ നാളുകളാണ്. ഉത്സവാഘോഷത്തിനിടെ മധുരം നുണയുന്നതിന് ഒരടിപൊളി സേമിയ പായസം ഉണ്ടാക്കി നോക്കിയാലോ?
ആവശ്യമുള്ള സാധനങ്ങൾ
- സേമിയ -70 ഗ്രാം
- നെയ്യ് -25 ഗ്രാം
- പാൽ -400 മില്ലി
- പഞ്ചസാര -50 ഗ്രാം
- ഏലക്ക -5 ഗ്രാം
- ഗ്രാംപൂ -2 ഗ്രാം
- ബദാം -20 ഗ്രാം
- കിസ്മിസ് -10 ഗ്രാം
- റോസാപ്പൂ ഇതൾ(ഗാർണിഷിങ്ങിന്)
തയ്യാറാക്കുന്ന വിധം
സേമിയ നന്നായി ഉടച്ചെടുക്കുക. ബദാം ചെറിയ കഷ്ണങ്ങളായി മുറിക്കുക. കിസ്മിസ് ചെറുചൂടുവെള്ളത്തിലിട്ട് കുതിർത്തെടുക്കുക. പാനിൽ നെയ്യ് ഒഴിച്ച് ചെറിയ കഷ്ണങ്ങളാക്കിയ ബദാം അതിലിട്ട് വറുത്തെടുക്കുക. ഇത് നെയ്യിൽനിന്ന് പുറത്തെടുത്ത് മാറ്റി വെക്കുക. ബാക്കിയുള്ള നെയ്യിൽ ഗ്രാംപൂവും ഏലക്കയും വറത്തെടുക്കുക. അതിലേക്ക് സേമിയ ചേർത്ത് ഇളം ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. സേമിയ ബ്രൗൺ നിറമായി കഴിയുമ്പോൾ ഇതിലേക്ക് പാൽ ഒഴിച്ച് തിളപ്പിക്കുക. പാൽ കട്ടിയാകുന്നതുവരെ ചെറുതീയിൽ വെച്ച് വേവിക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കുക. പാൽ നന്നായി കുറുകി വരുമ്പോൾ പഞ്ചസാരയും നേരത്തെ കുതിർത്തുവെച്ച കിസ്മിസും ചേർക്കുക. അതിനുശേഷം പാത്രം അടുപ്പിൽനിന്ന് വാങ്ങിവെക്കുക. നന്നായി തണുത്തശേഷം ഗ്ലാസിലേക്ക് മാറ്റാം. വറുത്തെടുത്ത ബദാമും റോസാപ്പൂ ഇതളും വെച്ച് അലങ്കരിക്കാം.
Content highlights: sevian kheer recipe diwali sweet recipe