ഇടി വെട്ടി മഴ പെയ്തതിന്റെ പിറ്റേന്ന് രാവിലെ പറമ്പിൽ പോയി പറിച്ചോണ്ട് വരുന്ന ഒരു മഴക്കാല സ്പെഷ്യൽ ഐറ്റം ഉണ്ട്, കൂണുകൾ. അന്നുണ്ണാൻ എല്ലാർക്കും ഉത്സാഹം കൂടും. കൂൺ മാത്രം വെച്ച് കറി വെച്ചാൽ, ഇത്രേം പേർക്ക് തികയാത്തതിനാൽ ഉരുളക്കിഴങ്ങും കൂടെ ചേർക്കും. നമ്മുടെ പങ്കിൽ ഒന്നോ രണ്ടോ കഷ്ണം കൂൺ മാത്രേ അപ്പോഴും വരുള്ളൂ. ഉരുളക്കിഴങ്ങൊന്നും ചേർക്കാതെയുള്ള ഒരു കൂൺ കറി പരിചയപ്പെടാം.
ചേരുവകൾ
കൂൺ(ചെറുത് ) 15-20
സവാള (ഇടത്തരം) – 2
കാശ്മീരി മുളകുപൊടി- 3-5 ടീസ്പൂൺ
വാളൻ പുളി- ഒരു കുഞ്ഞ് നെല്ലിക്ക വലുപ്പത്തിൽ
ഉപ്പ്- ആവശ്യത്തിന്
വെളിച്ചെണ്ണ- 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
പുളി അൽപം വെള്ളത്തിൽ കുഴച്ചു കുഴമ്പ് പോലാക്കി വെയ്ക്കുക. കൂൺ രണ്ടായി അരിഞ്ഞു പകുത്തു വെയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി സവാള വളരെ ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇടയ്ക്ക് ഉപ്പ് കൂടെ ചേർക്കാം. സവാള നിർബന്ധമായും നന്നായി വറുത്തു ചുവന്നു വരണം. ഇനി കുറച്ചു മുളകുപൊടി ചേർത്ത് രണ്ടോ മൂന്നോ സെക്കന്റുകൾ മാത്രം വറുത്ത്, ഉടനെ തന്നെ പുളിവെള്ളം ഒഴിക്കാം. തിളയ്ക്കുമ്പോൾ കൂൺ ചേർത്ത് ഇളക്കി അരകപ്പ് വെള്ളവുമൊഴിച്ചു ചെറുതീയിൽ അടച്ചു വെച്ച് പാകം ചെയ്യാം. ചാറ് അല്പം കുറുകി, കൂൺ പാകത്തിന് വെന്തു വരുമ്പോൾ വാങ്ങി വെയ്ക്കാം. ചോറിനോ ചപ്പാത്തിക്കോ ഒപ്പം കഴിക്കാം.
Content Highlights: spicy mushroom curry, mushroom recipes, easy lunch recipes, recipes Indian, recipes vegetarian