തിരുവനന്തപുരം: ലഡുവും ജിലേബിയും മൈസൂർപാക്കും ദീപാവലിക്കു സാധാരണം. എന്നാൽ, അധികമാരും ശ്രദ്ധിക്കാത്ത പരമ്പരാഗത വിഭവങ്ങൾ തയ്‌യാറാക്കുന്ന തമിഴ് ബ്രാഹ്മണഭവനങ്ങളുമുണ്ട് നഗരത്തിൽ. ഇന്നത്തെപ്പോലെ യു ട്യൂബും ഇന്റർനെറ്റും അന്നില്ല. പണ്ടുകാലത്ത് മുതിർന്നവർ ഉണ്ടാക്കുന്നതു നോക്കിയാണ് പല പ്രധാന വിഭവങ്ങളും തയ്‌യാറാക്കാൻ പഠിച്ചത്. ഉക്കാരയും ഇഞ്ചിലേഹ്യവും വെള്ളയപ്പവുമില്ലാതെ ഞങ്ങൾക്ക് ദീപാവലിയെക്കുറിച്ചു ചിന്തിക്കാനേ കഴിയില്ല. ഒന്നര ദിവസം മുൻപേ വിഭവങ്ങൾ തയ്‌യാറാക്കാൻ തുടങ്ങിയിരിക്കും -വർഷങ്ങളായി ദീപാവലിക്കു വിഭവങ്ങളുണ്ടാക്കുന്ന ഗോമതി അമ്മാൾ പറയുന്നു.
ഉക്കാര വരുന്ന വഴി
കടലപ്പരിപ്പ്, ശർക്കര, തേങ്ങ, നെയ്‌യ് എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു പ്രത്യേക മധുരപലഹാരമാണ് ഉക്കാര. ഉണ്ടാക്കാൻ കൂടുതൽ സമയം വേണ്ട വിഭവവമുമാണിതെന്ന് ഗോമതി അമ്മാൾ പറഞ്ഞു. ദീപാവലിക്കു മാത്രമാണ് തമിഴ് ബ്രാഹ്മണഭവനങ്ങളിൽ ഇതുണ്ടാക്കുന്നത്. വറുത്ത പരിപ്പ് തിളപ്പിച്ച വെള്ളത്തിൽ കിടന്ന് അഞ്ചു മണിക്കൂർ കുതിരണം. ഇതിൽനിന്ന് വെള്ളം വാർത്തെടുത്ത് ഉണക്കി പൊടിക്കണം. പിന്നീട് ഇത് ആവിക്കു വച്ച് ചൂടാക്കും. ശർക്കരപ്പാവിൽ കടലപ്പൊടി ഇട്ട് നന്നായി ഇളക്കി പുട്ടുപോലെയാക്കും. ഇതിൽ അണ്ടിപ്പരിപ്പും ഏലയ്‍ക്കാപ്പൊടിയും ചേർക്കും. അതിരാവിലെ തുടങ്ങിയാൽ മാത്രമേ ഇത് ഉച്ചയോടെ തയ്‌യാറാക്കാൻ കഴിയൂവെന്നും ഗോമതി പറയുന്നു.
പലഹാരം കഴിഞ്ഞാൽ ഇഞ്ചിലേഹ്യം നിർബന്ധം
മധുരം കഴിച്ച് അല്പം ക്ഷീണമായാൽ കുറച്ച് ഇഞ്ചിലേഹ്യം സേവിച്ചാൽ വയർ റെഡിയാകും. ഇഞ്ചി, ചുക്ക്, ജീരകം, കുരുമുളക്, ഏലയ്‍ക്ക, അയമോദകം, മല്ലി എന്നിവകൊണ്ടാണ് ഇഞ്ചിലേഹ്യം തയ്‌യാറാക്കുക. ഇഞ്ചി നന്നായി ഇടിച്ചുപിഴിഞ്ഞ് വയ്‍ക്കണം. മറ്റുള്ളവ വറുത്തുപൊടിച്ച് വെക്കണം. ശർക്കരപ്പാവിൽ പൊടിച്ച പൊടിയും ഇഞ്ചിച്ചാറും ചേർത്ത് നന്നായി ഇളക്കും. നല്ലെണ്ണ ഇതിൽ ചേർത്താൽ കുറേക്കാലമിരിക്കും. ഇതു പിന്നീട് നെല്ലിക്ക വലിപ്പത്തിൽ ഉരുട്ടിയെടുക്കും- ഇഞ്ചിലേഹ്യം തയ്‌യാറാക്കുന്ന രീതി ഗോമതി അമ്മാൾ പങ്കുവച്ചു.
ഇനിയുമുണ്ട് വ്യത്യസ്തത
കൊതിയൂറുന്ന മധുരം നാവിൽ അലിയിച്ചെടുക്കുന്ന ദീപാവലി ഓർമകൾ ഗോമതി അമ്മാൾ തുടർന്നും പറഞ്ഞുകൊണ്ടിരുന്നു. അരിയും ഉഴുന്നും കുറച്ചു ഉലുവപ്പൊടിയും ചേർത്തുണ്ടാക്കുന്ന വെള്ളയപ്പമാണ് മറ്റൊരു ഹൈലൈറ്റ്. ഇവയെല്ലാം തലേദിവസം അരച്ചുവയ്‍ക്കും. ഇതിലേക്ക് ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയെല്ലാം വഴട്ടി ചേർക്കും. ദോശമാവു പോലെ ഇത് അരയ്‍ക്കരുത്. കായപ്പൊടിയും ചേർക്കണം. ഇതു പിന്നീട് ഉണ്ണിയപ്പചട്ടിയിൽ എണ്ണയൊഴിച്ചു ചുട്ടെടുക്കും -ഗോമതി പറഞ്ഞുനിർത്തി.
ഏഴു സാധനങ്ങൾ ചേർത്തുണ്ടാക്കുന്ന സെവൻകപ്സും ഗോതമ്പുപൊടിയും ചെറുപയറും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒപ്പിട്ടും ദീപാവലിക്കു പ്രധാനം തന്നെ. കെ.എസ്.ഇ.ബി.യിൽനിന്ന് സീനിയർ സൂപ്രണ്ടായാണ് കീഴാറന്നൂർ ശ്രീശൈലത്തിൽ ഗോമതി അമ്മാൾ വിരമിച്ചത്.
Content highlights: depawali sweet made by tamil brahmin homes in trivandrum