തിരുവനന്തപുരം: സിപിഎമ്മിന് നാണക്കേടുണ്ടാക്കിയ ദത്ത് വിവാദത്തിന് പിന്നാലെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന പരാമർശവുമായി സാംസ്കാരിക മന്ത്രി സജി ചെറിയാൻ. അനുപമ വിഷയം നേരിട്ട് പരാമർശിക്കാതെയാണ് മന്ത്രിയുടെ പരാമർശം. മന്ത്രിയുടെ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് പരാമർശം ചർച്ചയായത്.
കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക, എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക, അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക, ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക, ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുട്ടിയെ ലഭിക്കണമെന്നതിലൊന്നും ഞങ്ങൾ എതിരല്ല. പക്ഷേ, ആ അച്ഛന്റെയും അമ്മയുടെയും മനോനില മനസ്സിലാക്കണം, ഇതായിരുന്നു മന്ത്രിയുടെ പ്രസ്താവന.
സാംസ്കാരിക വകുപ്പ് നടപ്പാക്കുന്ന സമം പദ്ധതിയുടെ ഭാഗമായി ആരംഭിച്ച സ്ത്രീകളുടെ നാടകക്കളരി കാര്യവട്ടം ക്യാംപസിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മന്ത്രി സജി ചെറിയാന്റെ വിവാദ പരാമർശമുണ്ടായത്.
തനിക്കും മൂന്ന് പെൺകുട്ടികളുള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്ന് മന്ത്രി പറഞ്ഞു. പഠിപ്പിച്ച് വളർത്തി ഒരു സ്ഥാനത്തെത്തിയപ്പോൾ മാതാപിതാക്കൾ എന്തൊക്കെ സ്വപ്നം കണ്ടിട്ടുകാം. എന്നാൽ ഇരട്ടി പ്രായമുള്ള, വിവാഹിതനും രണ്ടു മൂന്നു കുട്ടികളുടെ പിതാവുമായ ഒരാളോടൊപ്പമാണ് പോയത്. ഇതൊക്കെയാണ് നാട്ടിൽ നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Conetent Highlights:minister Saji Cheriyan controversial statement on anupama issues