ഡൽഹിയിലെ പ്രസിദ്ധമായ മാർക്കറ്റുകളിലൊന്നായ ചന്ദനി ചൗക്ക് എന്ന പേരുകേൾക്കുമ്പോൾ പെട്ടെന്ന് ഓർമ വരുന്നത് അവിടെനിന്നും ലഭിക്കുന്ന സ്വാദേറിയ വിഭവങ്ങളാണ്. ഇന്ത്യയിൽ ഭക്ഷണത്തിന്റെ പേരിൽ അറിയപ്പെടുന്ന ചുരുക്കം ചില സ്ഥലങ്ങളിലൊന്നുകൂടിയാണ് ചാന്ദിനി ചൗക്ക്. ഏത് നോർത്ത് ഇന്ത്യൻ ഭക്ഷണം വേണമെങ്കിലും ഇവിടെ നിന്ന് ലഭിക്കുമെന്നാണ് ചൊല്ല്.
ഭക്ഷണപ്രേമികളുടെ, പ്രത്യേകിച്ച് തെരുവ് ഭക്ഷണത്തിന്റെ ആരാധകരുടെ ഇഷ്ടവിഭവമാണ് പാനീ പൂരി. ഗോൽഗപ്പ എന്നും ഈ വിഭവത്തിന് പേരുണ്ട്. ചൗന്ദ്നി ചൗക്കിൽ ഇലയിൽ വിളമ്പി നൽകുന്ന പാനീപൂരിയുടെ വീഡിയോ ആണ് ഇപ്പോഴാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
സാധാരണ ഒരു ചെറിയ സ്റ്റീൽ പാത്രത്തിലോ മറ്റുമാണ് പാനീപൂരി വിളമ്പി നൽകുന്നത്. എന്നാൽ, ഇതിൽനിന്നും വ്യത്യസ്തമായാണ് ഈ വീഡിയോയിൽ പാനീപൂരി വിളമ്പി നൽകുന്നത്. നന്നായി ഉടച്ചെടുത്ത ആലൂവും കടലയും നിറച്ചശേഷം മധുരമുള്ള തൈരിൽ മുക്കിയെടുക്കുകയാണ് ചെയ്യുന്നത്. ഇതിനു മുകളിൽ ചാറ്റ് മസാല വിതറി പാനീപൂരി നമ്മുടെ കൈകളിലേക്ക് നൽകുന്നത് ഇലകളിലാണ്. ഒയേ ഫുഡീ എന്ന ഇൻസ്റ്റഗ്രാം ഫുഡ് ബ്ലോഗറാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ 21 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്. 91000-ൽ പരം ലൈക്കുകളാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
Content highlights: gol gappa in a leaf this unique street food has the internet intrigued