ഗ്രീൻ ടീ ശീലമാക്കുന്നത് ആരോഗ്യപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ കൂടുതലാളുകളും പരമ്പരാഗത ശൈലിയിലുള്ള ചായ ശീലമാക്കിയവരാണ്. എന്നാൽ, ഒരു വിഭാഗം ആളുകൾ ഗ്രീൻ ടീ ശീലമാക്കിയവരാണ്. ശരീരഭാരം കുറയ്ക്കുന്നതു മുതൽ ക്ഷീണമകറ്റുന്നതിനു വരെ ഗ്രീൻ ടീ ഉപയോഗിക്കുന്നു. ഉറങ്ങാൻ പോകുന്നതിനു മുമ്പ് ഗ്രീൻ ടീ കുടിക്കുന്നത് ആരോഗ്യപ്രദമാണോയെന്ന ചർച്ചകൾ സജീവമായി നടക്കുന്നുണ്ട്.
ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റുകളും ഗ്രീൻ ടീയിൽ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് നമ്മുടെ നാഡികളെ റിലാക്സ് ചെയ്യിപ്പിക്കുമെന്നതിനു പുറമെ മസ്തിഷ്ക പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും കോശങ്ങളുടെ നാശം കുറയ്ക്കുകയും ചെയ്യും.
ഗ്രീൻ ടീയിലെ തിയാനൈൻ എന്ന അമിനോ ആസിഡാണ് നാഡികൾ റിലാക്സ് ആയി ഇരിക്കാൻ സഹായിക്കുന്നത്. ഇത് മസ്തിഷ്കത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം മാനസികസമ്മർദങ്ങൾ കുറയ്ക്കുന്നതിനും ഓർമശക്തി വർധിപ്പിക്കുന്നതിനും നല്ല ഉറക്കം നൽകുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
ഗ്രീൻ ടീ എപ്പോൾ കുടിക്കുന്നതാണ് ഉത്തമമെന്നത് സംബന്ധിച്ച് അധികം പഠനങ്ങളൊന്നും നടന്നിട്ടില്ലെങ്കിലും ചെറിയൊരു അളവിൽ കഫീൻ അടങ്ങിയിട്ടുള്ളതിനാൽ ഇത് കിടക്കാൻ പോകുന്നതിന് മുമ്പ് കുടിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്.
നമ്മുടെ ഉറക്കത്തെ സ്വാധീക്കാൻ കഫീനു കഴിയും. ഉറക്കത്തെ തടസ്സപ്പെടുന്നതാണ് കഫീൻ. ഇത് മസ്തിഷ്കം ഉണർന്നിരിക്കാൻ പ്രേരിപ്പിക്കും. അതിനാൽ, രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുമ്പ് ഗ്രീൻ ടീ കുടിക്കുന്നതാണ് ഉത്തമം.
ദിവസം രണ്ടോ മൂന്നോ കപ്പ് ഗ്രീൻ കുടിക്കുന്നതാണ് നല്ലത്. ഗ്രീൻ ടീ അമിതമായി കുടിക്കുന്നത് വിളർച്ച, മനംപിരട്ടൽ, ഉറക്കമില്ലായ്മ എന്നിവയ്ക്ക് കാരണമാകുമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
Content highlights: is it healthy to drink green tea before bedtime food