ചുമ്മാ ഇരുന്ന് കൊറിക്കാൻ പോപ്കോൺ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്. ചോക്ലേറ്റ്, നെയ്യ് എന്നിവ ചേർത്തും വിവിധതരം രുചിയിലും മണത്തിലും ലഭ്യമായ പോപ്കോൺ നമുക്കറിയാം. ഉത്സവങ്ങളിലും പള്ളിപ്പെരുന്നാളിനും പോപ്കോൺ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ്. മുട്ടചേർത്ത വെറൈറ്റി പോപ്കോൺ ഉണ്ടാക്കുന്ന വീഡിയോ ആണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ഹിറ്റായിരിക്കുന്നത്.
മുട്ട കൊണ്ടുണ്ടാക്കുന്ന വിവിധ വിഭവങ്ങൾ നമുക്കറിയാം. എന്നാൽ, മുട്ടയുടെ ഫ്ളേവർ ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന വിഭവങ്ങൾ വളരെ ചുരുക്കമാണ്. അതുകൊണ്ട് തന്നെ മുട്ട ചേർത്തുണ്ടാക്കുന്ന പോപ്കോൺ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ ചില്ലറ കൺഫ്യൂഷൻ ഉണ്ടാക്കുന്നുണ്ട്.
സ്കോട്ടേഴ്സ് റിയാലിറ്റി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് ഈ വൈറൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വലിയൊരു ചീനചട്ടിയിലേക്ക് ചോളം ഇട്ടതിനുശേഷം അതിലേക്ക് ഒരു മുട്ട പൊട്ടിച്ചൊഴിക്കുന്നു. ഇതിലേക്ക് കുറച്ച് എണ്ണ കൂടി ചേർത്ത് അടപ്പ് വെച്ച് മൂടുകയാണ് ചെയ്യുക. ഏതാനും മിനിറ്റുകൾക്കുശേഷം അടപ്പ് മാറ്റി നോക്കുമ്പോൾ പോപ്കോൺ തയ്യാറായിട്ടുണ്ടാകും.
ഏകദേശം 31 ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. 16000-ത്തോളമാളുകൾ വീഡിയോയ്ക്ക് ലൈക്കു ചെയ്തു.
Content highlights: this bizarre egg popcorn recipe has the internet confused