പുലാവിനൊപ്പമോ ഊണിനൊപ്പമോ കഴിക്കാൻ കൊൽക്കത്ത സ്റ്റൈലിൽ ഒരു ചിക്കൻ ചാപ്പ് ഉണ്ടാക്കിയാലോ. ചിക്കനൊപ്പം നെയ്യും മുളകുമൊക്കെ ചേർത്താണ് കൊൽക്കത്ത സ്റ്റൈൽ ചിക്കൻ ചാപ്പ് ഉണ്ടാക്കുന്നത്.
ആവശ്യമുള്ള സാധനങ്ങൾ
- കഴുകി വൃത്തിയാക്കിയ ചിക്കന്റെ കാലും തുടയുടെ ഭാഗവും -രണ്ട് എണ്ണം വീതം
- തൈര് -ഒരു കപ്പ്
- ചെറിയുള്ളി -രണ്ടെണ്ണം
- വറുത്ത കടലമാവ്- അരക്കപ്പ്
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിൾ സ്പൂൺ
- മുളക് പൊടി -ഒരു ടേബിൾ സ്പൂൺ
- ഗരം മസാല -ഒരു ടീസ്പൂൺ
- കശുവണ്ടി അരച്ചത്-ഒരു ടേബിൾ സ്പൂൺ
- കുങ്കുമപ്പൂ -ഒരു നുള്ള്
- കുതിർത്ത കസ്കസ്-2 ടേബിൾ സ്പൂൺ
- പഞ്ചസാര -ഒരു ടീസ്പൂൺ(ആവശ്യമുണ്ടെങ്കിൽ മാത്രം ചേർക്കുക)
- കെവ്ര വെള്ളം -ഒരു ടീസ്പൂൺ
- നെയ്യ് -ഒരു ടേബിൾ സ്പൂൺ
- എണ്ണ -മൂന്ന് ടേബിൾ സ്പൂൺ
- ഉപ്പ് -ആവശ്യത്തിന്
- ജീരകം -ഒരു ടീസ്പൂൺ
- പെരുജീരകം -ഒരു ടീസ്പൂൺ
- മഞ്ഞൾപൊടി -അര ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു വലിയ കുഴിവുള്ള പാത്രമെടുത്ത് അതിലേക്ക് തൈര്, ചെറിയുള്ളി അരച്ചത്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, കടലമാവ്, മുളക് പൊടി, മഞ്ഞൾപൊടി, ഗരം മസാല, കശുവണ്ടി അരച്ചത്, കസ്കസ്, കെവ്ര വെള്ളം, കുങ്കുമപ്പൂവ് എന്നിവ ചേർത്ത് നന്നായി ഇളക്കി ചേർത്ത് വെക്കുക. ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് മസാല നന്നായി പുരട്ടി 20 മിനിറ്റ് നേരം മാറ്റിവെക്കുക.
വലിയൊരു പാനെടുത്ത് അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് മൂന്ന് ടേബിൾ സ്പൂൺ എണ്ണയും നെയ്യും ചേർക്കുക. ഇത് ചൂടായി കഴിയുമ്പോൾ ചെറുജീരകവും പെരുംജീരകവും ചേർക്കുക. ഇത് നന്നായി മൂത്ത് കഴിയുമ്പോൾ നേരത്തെ തയ്യാറാക്കി വെച്ച ചിക്കൻ കഷ്ണങ്ങളും മസാലയും ചേർക്കാം. തീ കുറച്ചുവെച്ച് നന്നായി വേവിച്ചെടുക്കാം. പാനിന്റെ അടിയിൽ പിടിക്കാതിരിക്കാൻ ഇടയ്ക്ക് ഇളക്കി ഇട്ടുകൊടുക്കാം. കറിയിലെ വെള്ളം നന്നായി വറ്റുന്നതുവരെ വേവിച്ചെടുക്കാം. പുലാവിനൊപ്പം കഴിക്കാൻ അടിപൊടി ചിക്കൻ ചാപ് തയ്യാർ.
Content highlights: Recipe kolkata style chicken chaap, Food