
ആരോഗ്യഗുണത്തിലും മണത്തിലും രുചിയിലുമൊക്കെ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾ ലോക പ്രശസ്തി നേടിയവയാണ്. ഇവയുടെ ഗുണങ്ങളെക്കുറിച്ചു നടത്തിയ പഠനങ്ങൾ അവയെക്കുറിച്ചുള്ള പരമ്പരാഗത അറിവ് ശരിവെക്കുന്നു. രുചിക്കും ഗുണത്തിനുമൊപ്പം വിലയിലും മുന്നിലായതിനാൽ ഇവയിൽ മായം ചേർക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
കുരുമുളക് ഇന്ത്യൻ വിഭവങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളിലൊന്നാണ്. എന്നാൽ, വളരെ എളുപ്പത്തിൽ മായം ചേർക്കാൻ കഴിയുന്ന ഒന്നാണ് കുരുമുളക്. യഥാർത്ഥ കുരുമുളകും മായം കലർത്തിയതും തമ്മിൽ എങ്ങനെ തിരിച്ചറിയാൻ കഴിയുമെന്നത് നിങ്ങളെ കുഴക്കിയേക്കാം. മായം കലർത്തിയ കുരുമുളക് കണ്ടെത്തുന്നത് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്.എസ്.എസ്.എ.ഐ.) ഒരു എളുപ്പവഴി പങ്കുവെച്ചിരിക്കുകയാണ് അവരുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെ. കുരുമുളകിൽ ചേർത്ത മായം വളരെ എളുപ്പത്തിൽ കണ്ടെത്താനുള്ള വഴിയാണിത്.
കുരുമുളകിനു പകരമായി വ്യാപകമായി ചേർക്കുന്ന മായം ബ്ലാക് ബെറിയാണ്. മിക്കപ്പോഴും കുരുമുളകിനൊപ്പം ഉണങ്ങിയ ബ്ലാക് ബെറി കൂടി ചേർത്താണ് ഇത് വിൽപ്പനയ്ക്കെത്തുന്നത്. സ്വൽപം കുരുമുളക് എടുത്ത് ഒരു മേശയുടെ മുകളിൽ വയ്‍ക്കുക. അതിനുശേഷം കൈയുടെ തള്ളവിരൽ ഉപയോഗിച്ച് ഇത് പൊടിക്കാൻ ശ്രമിക്കുക. യഥാർത്ഥ കുരുമുളക് വേഗം പൊടിഞ്ഞുകിട്ടില്ല. എന്നാൽ, ബ്ലാക് ബെറിയാണെങ്കിൽ എളുപ്പത്തിൽ പൊടിഞ്ഞുപോകും.
മുമ്പും ഭക്ഷണസാധനങ്ങളിലെ മായം കണ്ടെത്തുന്നതിനുള്ള വീഡിയോകൾ എഫ്.എസ്.എസ്.എ.ഐ. സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
Content Highlights: fssais simple test detects adulteration in black pepper














