സുൽത്താൻബത്തേരി: അങ്കണവാടി വഴി കുട്ടികൾക്ക് പോഷകാഹാരമായി വിതരണം ചെയ്‌യുന്ന അമൃതംപൊടി കുറുക്കുണ്ടാക്കാൻ മാത്രമല്ല, രുചികരമായ വിവിധ വിഭവങ്ങളുണ്ടാക്കാൻ കഴിയുമെന്ന് കാണിച്ചുതരികയാണ് നെന്മേനി പഞ്ചായത്തിൽ സംഘടിപ്പിച്ച ഐ.സി.ഡി.എസ്. ഭക്ഷ്യമേള. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന മേളയിൽ അമൃതം പൊടിയുപയോഗിച്ച് തയ്‌യാറാക്കിയ ജ്യൂസ്, പായസം, കേക്ക്, മൈസൂർ പാക്ക്, ഹൽവ, ബിസ്കറ്റ് തുടങ്ങിയ അറുപത് വിഭവങ്ങളാണ് അങ്കണവാടി ജീവനക്കാർ വീടുകളിൽ നിന്നുമെത്തിച്ചത്.
അമൃതം പൊടി ഭൂരിപക്ഷം വീടുകളിലും കുറുക്ക് രൂപത്തിലാണ് കുട്ടികൾക്ക് കൊടുക്കുന്നത്. സ്ഥിരമായി കഴിക്കുന്നതിനാൽ കുറുക്കിനോട് കുട്ടികൾ പലപ്പോഴും വിമുഖത കാണിക്കും.
രുചിയുള്ള വ്യത്യസ്തമായ പലഹാരങ്ങളും പാനീയങ്ങളുമാക്കി ഇതിനെ മാറ്റിയാൽ കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്നും അതിനുള്ള പ്രോത്സാഹനമായാണ് ഭക്ഷ്യമേളയെന്നും പഞ്ചായത്ത് ഭരണസമിതിയും ഐ.സി.ഡി.എസ്. ഭാരവാഹികളും പറഞ്ഞു. ഐ.സി.ഡി.എസിന്റെ 46-ാം വാർഷികാഘോഷത്തിന്റെ ഭാഗമായാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ അധ്യക്ഷത വഹിച്ചു. കെ.വി. ശശി, ജയാ മുരളി, ലൂമാ ഭായ്, സുമംഗല മോഹൻ, കെ.വി. മേരി, സ്റ്റെല്ല പീറ്റർ തുടങ്ങിയവർ സംസാരിച്ചു.