സസ്യാഹാരത്തോട് താത്‌പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം ലോകമെമ്പാടും കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ചിലർ ആരോഗ്യഗുണങ്ങൾ മുൻനിർത്തി സസ്യാഹാരം പിന്തുടരുമ്പോൾ മറ്റുചിലർക്ക് കാലാവസ്ഥയിലെ മാറ്റങ്ങളാണ് കാരണം.
ഇന്ന് ലോകത്തുള്ള മിക്കഹോട്ടലുകളിലും സസ്യവിഭവങ്ങൾ ലഭ്യമാണ്. വീടുകളിൽ സസ്യഹാരം പാകം ചെയ്ത് പരീക്ഷണങ്ങൾ നടത്തുന്നവരുടെ എണ്ണവും കൂടിവരികയാണ്.
സസ്യാഹാരം കഴിക്കുന്നത് കൊണ്ടുള്ള ഏതാനും നേട്ടങ്ങൾ പരിചയപ്പെടാം.
1. ശരീരഭാരം നിയന്ത്രിക്കും
പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവയിലെല്ലാം ധാരാളം പ്രോട്ടീനുകളും ഫൈബറും മറ്റനേകം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. നമ്മുടെ ഭക്ഷണക്രമത്തിൽ ഈ പോഷകങ്ങൾ ഉൾപ്പെടുത്തുന്നത് ചയാപചയപ്രവർത്തനങ്ങളെ എളുപ്പമുള്ളതാക്കുന്നു. ഇതിലൂടെ ശരീരഭാരം നിയന്ത്രിക്കാൻ കഴിയുന്നു.
2. ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു
മുമ്പ് പറഞ്ഞതുപോലെ സസ്യാഹാരത്തിൽ ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിട്ടുണ്ട്. ദഹനത്തെയും ചയാപചയപ്രവർത്തനങ്ങളെയും എളുപ്പമുള്ളതാക്കാൻ സഹായിക്കുന്നു. ഇത് ദഹനേന്ദ്രിയ വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. ആരോഗ്യമുള്ള ദഹനേന്ദ്രിയവ്യവസ്ഥ രോഗപ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കിയിട്ടുണ്ട്.
3. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
സസ്യാഹാരം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് ഈ വർഷം മാർച്ചിൽ അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ നേതൃത്വത്തിൽ നടത്തിയ വാർഷിക ശാസ്ത്ര സമ്മേളനത്തിൽ വിലയിരുത്തുകയുണ്ടായി. മാംസാഹാരം അല്ലെങ്കിൽ സംസ്കരിച്ച ഭക്ഷണത്തിൽ ദിവസേന ചെറിയൊരളവിൽ കുറവ് വരുത്തി സസ്യാഹാരം ശീലമാക്കിയാൽ മികച്ച ഹൃദയാരോഗ്യം നേടാൻ കഴിയുമെന്ന് ഗവേഷകർ വ്യക്തമാക്കിയിരുന്നു.
4. പ്രമേഹം നിയന്ത്രിക്കുന്നു
സസ്യാഹാരം ശീലമാക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസിന്റെ(P.E.T.A.) ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പ്രമേഹസാധ്യത 78 ശതമാനത്തോളം കുറയുമെന്ന് വ്യക്തമാക്കുന്നു.
5. ചർമ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കും
പഴങ്ങളും പച്ചക്കറികളും ശീലമാക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും ആന്റിഓക്സിഡന്റുകൾ ധാരാളമായടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിൽ കടന്നുകൂടിയിട്ടുള്ള വിഷപദാർത്ഥങ്ങളെ ഒരുപരിധിവരെ പുറന്തള്ളാൻ സഹായിക്കും. ഇത് ചർമ്മാരോഗ്യം മെച്ചപ്പെടുത്തു.
Content highlights: health benefits of vegetarian diet 5 reasons to follow plant based diet