കൊച്ചി: മഹാരാജാസ് കോളേജ് ക്യാമ്പസിലെ വൻമരം അനധികൃതമായി കടത്തിയ സംഭവത്തിൽ പ്രതിഷേധം കടുപ്പിച്ച് വിദ്യാർഥികൾ. മരം കടത്തിയത് പ്രിൻസിപ്പൽ മാത്യു ജോർജിന്റെ ഒത്താശയോടെയാണെന്ന് ആരോപിച്ച് എസ്എഫ്ഐ യുടെ നേതൃത്വത്തിൽ പ്രിൻസിപ്പലിനെ വിദ്യാർഥികൾ മണിക്കൂറുകളോളം ഓഫീസിൽ തടഞ്ഞുവെച്ചു. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
ഫോട്ടോ: ഷഹീർ സി.എച്ച്
മഹാരാജാസ് കോളേജ് കാമ്പസിനുള്ളിലെ കൂറ്റൻ മരം ലേലംചെയ്യാതെ കടത്താനുള്ള ശ്രമം ഞായറാഴ്ച വിദ്യാർഥികൾ തടഞ്ഞിരുന്നു. ഇതിനു മുമ്പേ നാലു ലോഡ് കടത്തിയതായാണ് ആരോപണം. ടെൻഡർ നടപടികളോ വനം വകുപ്പിന്റെ അനുമതിയോ കൂടാതെ അനധികൃതമായാണ് കാമ്പസിലെ മരങ്ങൾ മുറിച്ചു കടത്തിയതെന്ന് വിദ്യാർഥികൾ പറയുന്നു.
കാമ്പസിൽ പലയിടത്തും മരങ്ങൾ മറിഞ്ഞു വീണിട്ടുണ്ടെന്നും വിദ്യാർഥികൾക്ക് അസൗകര്യമുണ്ടാക്കാത്ത വിധത്തിൽ ഇവ കാമ്പസിനകത്തു തന്നെ മുറിച്ച് നീക്കിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും മഹാരാജാസ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അഖിൽ പറഞ്ഞു. എന്നാൽ, നടപടിക്രമങ്ങളൊന്നും പാലിക്കാതെ മരം കടത്തിയതാണ് തടഞ്ഞത്. പ്രിൻസിപ്പലിനെതിരെ അന്വേഷണം പ്രഖ്യാപിക്കണമെന്നും അതുവരെ സമരം തുടരുമെന്നും അഖിൽ കൂട്ടിച്ചേർത്തു.
ഫോട്ടോ: ഷഹീർ സി.എച്ച്