വാട്സാപ്പിൽ ചാറ്റുകൾക്കെല്ലാം എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ കമ്പനി വാഗ്ദാനം ചെയ്‌യുന്നുണ്ട്. എന്നാൽ ഒരു ഫോണിൽ നിന്നും മറ്റൊരു ഫോണിൽ എത്തുന്നത് വരെ മാത്രമേ ഈ എൻക്രിപ്ഷൻ സംരക്ഷണം ലഭിക്കുകയുള്ളൂ. രണ്ട് പേർ തമ്മിലുള്ള സന്ദേശകൈമാറ്റത്തിനിടയ്‍ക്ക് മൂന്നാമതൊരാൾക്ക് നുഴഞ്ഞുകയറാനാവില്ല എന്നർത്ഥം. ക്ലൗഡ് സ്റ്റോറേജുകളിൽ ബാക്ക് അപ്പ് ചെയ്തുവെക്കുന്ന ചാറ്റുകൾക്ക് എൻക്രിപ്ഷൻ ലഭിക്കില്ല എന്ന് വാട്സാപ്പ് തന്നെ വ്യക്തമാക്കുന്നുമുണ്ട്.
ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് ഗൂഗിൾ ഡ്രൈവിലേക്കും, ഐഒഎസ് ഉപകരണങ്ങളിൽ ഐ ക്ലൗഡിലേക്കുമാണ് വാട്സാപ്പ് ചാറ്റുകൾ ബാക്ക് അപ്പ് ചെയ്‌യാൻ സൗകര്യമുള്ളത്. എന്നാൽ ഈ ക്ലൗഡ് സ്റ്റോറേജിലേക്ക് ആർക്കെങ്കിലും നുഴഞ്ഞു കയറാൻ സാധിച്ചാൽ നിങ്ങൾ ബാക്ക് അപ്പ് ചെയ്ത ചാറ്റുകളിലെ സന്ദേശമെല്ലാം ചോർത്തിയെടുക്കാൻ അയാൾക്ക് സാധിക്കും.
എന്നാൽ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ്. അതിനായി ആപ്പിൾ ഐക്ലൗഡിലെ ചാറ്റ് ബാക്ക് അപ്പുകൾക്ക് എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ പരീക്ഷിക്കാൻ തുടങ്ങി. ആപ്പിളിന്റെ ഐഓഎസ് ബീറ്റാ പതിപ്പിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
വാട്സാപ്പ് സെറ്റിങ്സിൽ ചാറ്റ്സ് തിരഞ്ഞെടുത്ത് ചാറ്റ് ബാക്ക് അപ്പ് ഓപ്ഷനിൽ എൻഡ് റ്റു എൻഡ് എൻക്രിപ്റ്റഡ് ബാക്ക് അപ്പ് ആക്റ്റിവേറ്റ് ചെയ്താൽ നിങ്ങളുടെ വാട്സാപ്പ് ചാറ്റ് ബാക്ക് അപ്പുകൾക്കും എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ ലഭിക്കും.
ഈ ഫീച്ചർ ഉപയോഗിക്കുമ്പോൾ ഫോണിൽ തന്നെ ബാക്ക് അപ്പ് ചെയ്‌യുന്നത് നിർത്തിവെക്കണം. കാരണം ഫോണിൽ തന്നെ ചാറ്റുകൾ ബാക്ക് അപ്പ് ചെയ്‌യുമ്പോൾ അതിന് എൻഡ് റ്റു എൻഡ് എൻക്രിപ്ഷൻ ലഭിക്കുകയില്ല. അതിനായി iPhone Settings > Your Name > iCloud > Manage Storage > Backup > Disable WhatsApp തിരഞ്ഞെടുത്താൽ മതി.